നമ്മുടെ അടുക്കളകളിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മല്ലി. കറികളുടെ രുചി വർധിപ്പിക്കുക എന്നതിനപ്പുറം ധാരാളം ഔഷധഗുണങ്ങളും മല്ലിക്കുണ്ട്. രാവിലെ ഒരു കപ്പ് മല്ലി വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നത് ഉത്തമമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രാത്രി ഒരു ടീ സ്പൂൺ മല്ലി ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുക. രാവിലെ ഈ വെള്ളം കുടിക്കാവുന്നതാണ്. അല്ലെങ്കിൽ മല്ലി ഇട്ട് തിളപ്പിച്ച വെള്ളവും ഉപയോഗിക്കാവുന്നതാണ്.
മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിലെ ഫ്രീ റാഡിക്കൽസിനെ കുറയ്‌ക്കാൻ സഹായിക്കുന്നു. അതുവഴി പ്രതിരോധ ശേഷിയും വർധിക്കും. പല രോഗങ്ങളേയും തടയാനും ഇതിന് സാധിക്കും.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി വെള്ളം സഹായിക്കും. മല്ലി കുതിർത്ത വെള്ളം കുടിക്കുന്നത് വഴി പ്രമേഹം നിയന്ത്രിക്കാൻ കഴിയുന്നു.
വിളർച്ച എന്നത് പ്രായഭേദമന്യേ ഇന്ന് മിക്കവരിലും കണ്ടുവരുന്ന പ്രശ്‌നമാണ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്. ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ശ്വാസം എടുക്കുന്നതിലെ ബുദ്ധിമുട്ട്, ഓർമ്മക്കുറവ് തുടങ്ങിയവെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോൾ സംഭവിക്കാം. വിളർച്ച മാറ്റാൻ ഉത്തമമാണ് മല്ലിവെള്ളം.
വൈറ്റമിൻ സി, എ തുടങ്ങിയവയെല്ലാം മല്ലിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മുടിക്ക് കരുത്ത് നൽകാൻ അത്യുത്തമമാണ് മല്ലി. മുടി പൊഴിയുന്നത് കുറയ്‌ക്കാനും, അവ പൊട്ടി പോകുന്നത് തടയാനും മല്ലി സഹായിക്കുന്നു. മുടിക്ക് പുറമെ ചർമ്മത്തിൽ കുരുക്കൾ ഉണ്ടാകുന്നത് തടഞ്ഞ് മൃദുവാക്കി നിർത്താനും മല്ലി സഹായിക്കുന്നു.
ഭാരം കുറയ്‌ക്കാൻ നടക്കുന്നവർക്കും മല്ലിവെള്ളം ഉത്തമമാണ്. രാവിലെ മല്ലിവെള്ളം കുടിക്കുന്നത് ദഹനസംവിധാനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൊളസ്‌ട്രോൾ ഉള്ളവർ രാവിലെ ഒരു ഗ്ലാസ് മല്ലി വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് നല്ലതാണ്. കൊളസ്‌ട്രോളിനെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാൻ ഇത് സഹായിക്കും.
Post Your Comments