താമര ഔഷധഗുണമുള്ളതും ഭക്ഷ്യയോഗ്യവുമായ ഒരു ചെടിയാണ്. താമരവിത്ത് ആകട്ടെ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. ഹൃദയത്തിന്റെ ആരോഗ്യം മുതൽ സൗന്ദര്യസംരക്ഷണം വരെ നീളുന്നു താമരവിത്തിന്റെ ഗുണങ്ങൾ.
താമരവിത്തിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് രക്തപ്രവാഹവും ഓക്സിജന്റെ പ്രവാഹവും മെച്ചപ്പെടുത്തുന്നു. മഗ്നീഷ്യത്തിന്റെ അളവ് വളരെ കുറവാണെങ്കിൽ ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യത കൂടുതലാണ്. താമരവിത്തിൽ മഗ്നീഷ്യവും ഫോളേറ്റും ധാരാളം അടങ്ങിയതിനാൽ ഹൃദ്രോഗവും മറ്റ് ഹൃദയാനുബന്ധ രോഗങ്ങളും വരാനുള്ള സാധ്യത കുറയ്ക്കുന്നു.
വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ താമരവിത്ത് സഹായിക്കും. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെയും മലിനവസ്തുക്കളെയും നീക്കം ചെയ്യാൻ സഹായിക്കുന്നതോടൊപ്പം അസിഡിറ്റി കുറയ്ക്കാനും വൃക്കയിൽ കല്ല് രൂപപ്പെടുന്നതിനെ തടയാനും സഹായിക്കുന്നു.
താമരവിത്തിൽ എൽ– ഐസോ ആസ്പാർടിൽ മീഥൈൽ ട്രാൻസ്ഫെറേസ് എന്ന ഒരു എൻസൈം ഉണ്ട്. ഇത് ശരീരത്തിലെ കേടുപാടുകൾ നീക്കുകയും കൊളാജന്റെ ഉൽപാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചെറുപ്പം തോന്നിക്കാനും സൗന്ദര്യ വര്‍ദ്ധക സ്തുക്കളിലും താമരവിത്ത് ചേർക്കുന്നു.
താമരവിത്തിന് ആന്റിസ്പാസ്മോഡിക് ഗുണങ്ങൾ ഉണ്ട്. നാഡികളെ റിലാക്സ് ചെയ്യിക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ഉത്കണ്ഠയും നിരാശയും കുറയ്ക്കാനും താമരവിത്തിന് കഴിവുണ്ട്. താമരവിത്തിലടങ്ങിയ ഐസോ ക്വിനോലിൻ ആൽക്കലോയ്ഡുകള്‍ ആണ് ഇത് സാധ്യമാക്കുന്നത്.
താമരവിത്തിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. താമരവിത്ത് ഉണക്കി വറുത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും താമരവിത്ത് സഹായിക്കുന്നു.
Post Your Comments