Latest NewsNewsIndia

നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ ദുരൂഹ മരണം അന്വേഷിക്കാന്‍ സിബിഐ

നടി സൊനാലിയുടെ ദുരൂഹ മരണം, സിബിഐ കേസ് ഏറ്റെടുത്തത് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം

ന്യൂഡല്‍ഹി: നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണം സിബിഐ അന്വേഷിക്കും. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. കേസ്, കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ഹരിയാന മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സൊനാലിയുടെ കുടുംബം ഈ ആവശ്യം മുന്നോട്ടു വച്ചിരുന്നു. തുടര്‍ന്ന്, കേസ് സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി, മനോഹര്‍ലാല്‍ ഖട്ടര്‍, ഗോവന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

Read Also: നടന് സുരക്ഷാജീവനക്കാരന്റെ അടിയേറ്റു: ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറൽ

ഹരിയാനയിലെ ഹിസാറില്‍ നിന്നാണ് നടിയും ബിജെപി നേതാവുമായ സൊനാലി ഒരു സംഘത്തോടൊപ്പം ഗോവയിലെ കേര്‍ലീസ് റസ്റ്റോറന്റിലെത്തിയത്. പിന്നീട് അഞ്ജുനയിലെ സെന്റ് ആന്റണി ഹോസ്പിറ്റലില്‍ ഇവരെ കുഴഞ്ഞുവീണ നിലയില്‍ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. തുടക്കത്തില്‍ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൊനാലി ഫോഗട്ട് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് റസ്റ്റോറന്റില്‍ വച്ച് ലഹരി പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങള്‍ പിന്നീട് പുറത്ത് വന്നു. സൊനാലിയെ പേഴ്‌സണല്‍ അസിസ്റ്റന്റ് ലഹരി പാനീയം നിര്‍ബന്ധിച്ച് കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. തുടര്‍ന്ന് പേഴ്‌സണല്‍ അസിസ്റ്റന്റും റസ്റ്റോറന്റ് ഉടമയുമെല്ലാം അറസ്റ്റിലായി. ഇവിടെ നിന്ന് പൊലീസ് ലഹരി മരുന്ന് പിടികൂടുകയും ചെയ്തിരുന്നു.

അതേസമയം, സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വടക്കന്‍ ഗോവയിലെ റസ്റ്റോറന്റ് പൊളിച്ചു മാറ്റാനുള്ള നീക്കം കഴിഞ്ഞ ദിവസം സുപ്രീം കോടതി തടഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button