കീവ്: റഷ്യയ്ക്ക് തിരിച്ചടി നൽകി ഉക്രൈൻ. റഷ്യയുടെ അധീനതയിൽ ആയിരുന്ന നിരവധി ഗ്രാമങ്ങൾ ഉക്രൈൻ തിരിച്ച് പിടിച്ചു. തെക്കും കിഴക്കുമായി 1,000 ചതുരശ്ര കിലോമീറ്ററിലധികം (385 ചതുരശ്ര മൈൽ) പ്രദേശം തിരിച്ചുപിടിച്ചതായി ഉക്രൈൻ അവകാശപ്പെട്ടു. ഖാർകീവ് മേഖലയിൽ 30-ലധികം സെറ്റിൽമെന്റുകൾ മോചിപ്പിച്ചതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു.
ഖാർകീവ് മേഖലയിലെ റഷ്യയുടെ ഉന്നത അധിനിവേശ ഉദ്യോഗസ്ഥരിൽ നിന്നും ഉക്രൈന്റെ പ്രധാന ഭാഗങ്ങൾ തിരിച്ച് പിടിച്ചതായി ഉക്രൈൻ പറയുന്നു. റഷ്യൻ സേനയ്ക്ക് യുദ്ധ സാമഗ്രികൾ എത്തിക്കുന്ന റെയിൽ പാതയും ഉക്രൈൻ നിയന്ത്രണത്തിലാക്കി. 80 സൈനികരെ വഹിക്കാൻ ശേഷിയുള്ള ഭീമാകാരമായ എംഐ -26 ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകൾ റഷ്യ ഈ മേഖലയിലേക്ക് എത്തിച്ചിരുന്നു. റഷ്യൻ പ്രതിരോധനിരയെ ഉക്രേനിയക്കാർ തകർത്തതായി വിറ്റാലി ഗഞ്ചേവ് റഷ്യൻ ടി.വിയോട് പറഞ്ഞു.
റഷ്യൻ അധീനതയിലുള്ള ഖാർകീവിലെ ഏറ്റവും പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളിലൊന്നായ കുപിയാൻസ്കിൽ നിന്നും മറ്റ് രണ്ട് നഗരങ്ങളിൽ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് വാർ തിങ്ക് ടാങ്കിന്റെ വിശകലനം അനുസരിച്ച്, കീവിന്റെ സൈനികർ ഇപ്പോൾ കുപിയാൻസ്കിൽ നിന്ന് 15 കിലോമീറ്റർ (9 മൈൽ) അകലെയാണ്. മൂന്ന് ദിവസത്തിനുള്ളിൽ സൈന്യം 50 കിലോമീറ്റർ (30 മൈൽ) മുന്നേറിയതായി ഉക്രൈൻ സൈന്യം അറിയിച്ചു.
ബലാക്ലീയ നഗരം യുക്രെയ്ൻ സേന തിരിച്ചുപിടിച്ചതിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഹഴ്സനിലും കാര്യമായ മുന്നേറ്റമുണ്ട്. റഷ്യ പ്രതികരിച്ചിട്ടില്ല. അതേസമയം, ഉക്രൈന് 67.5 കോടി ഡോളറിന്റെ (5350 കോടിയോളം രൂപ) സൈനിക സഹായത്തിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയതായി പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു.
Post Your Comments