പൂച്ചക്കുട്ടികളെ പെയിന്റടിച്ച് കടുവക്കുഞ്ഞുങ്ങളെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടാൻ ശ്രമം നടത്തിയ യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്‍ഥിപന്‍ (24) ആണ് പിടിയിലായത്. മറയൂരിനടുത്തുള്ള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിലാണ് സംഭവം. വാട്ട്സ്ആപ്പിലൂടെയാണ് ഇയാള്‍ കടുവക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്. മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞുങ്ങളെന്ന് പറഞ്ഞായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്.
ഒരു കടുവക്കുഞ്ഞ് 25 ലക്ഷം രൂപയാണ് ഇയാൾ പറഞ്ഞത്. ആവശ്യക്കാര്‍ പണം നല്‍കിയാല്‍ പത്ത് ദിവസത്തിനകം എത്തിച്ചു നല്‍കുമെന്നായിരുന്നു വാഗ്ദാനം. മൂന്ന് കടുവക്കുഞ്ഞുങ്ങള്‍ക്ക് സ്റ്റീല്‍ പാത്രത്തില്‍ ഭക്ഷണം നല്‍കുന്ന ഫോട്ടോ സഹിതമായിരുന്നു പാര്‍ഥിപന്റെ പരസ്യം.
വിവരമറിഞ്ഞ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതോടെ പാര്‍ഥിപന്‍ ഒളിവില്‍ പോയി. വനംവകുപ്പ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും കടുവക്കുഞ്ഞുങ്ങളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് വെല്ലൂര്‍ ചര്‍പ്പണമേടില്‍ നിന്ന് പാര്‍ഥിപനെ പിടികൂടുകയായിരുന്നു. പിടികൂടിയപ്പോഴാണ് പരസ്യത്തിൽ ഉള്ളത് കടുവക്കുഞ്ഞ് അല്ലെന്നും, അത് പൂച്ചക്കുഞ്ഞുങ്ങൾ ആണെന്നും യുവാവ് വെളിപ്പെടുത്തിയത്. ആവശ്യക്കാര്‍ക്ക് പൂച്ച കുട്ടികളെ പെയിന്റ് അടിച്ച് നല്‍കാനായിരുന്നു പദ്ധതിയെന്ന് പ്രതി മൊഴി നല്‍കി. അമ്പത്തൂരിലുളള സുഹൃത്ത് അയച്ചുകൊടുത്ത കടുവക്കുഞ്ഞുങ്ങളുടെ ചിത്രമാണ് തട്ടിപ്പിനായി ഇയാള്‍ ഉപയോഗിച്ചതെന്നാണ് വിവരം.
Post Your Comments