ആലപ്പുഴ: മീൻ വിഭവങ്ങൾക്ക് തീ വില ഈടാക്കിയ ചേർത്തലയിലെ ഹോട്ടലിനെതിരെ നടപടിക്ക് ശുപാർശ. ചേർത്തല എക്സ്-റേ ജംഗ്ഷന് തെക്കുള്ള ഹോട്ടലിനെതിരെയാണ് നടപടിക്ക് ശുപാർശ. ഇവിടെയുള്ള മീൻ വിഭവങ്ങൾക്ക് അമിത വിലയായിരുന്നു ഇട്ടിരുന്നത്. ഭക്ഷണം കഴിച്ച് ബിൽ കൊടുക്കാൻ നേരത്താണ് മീൻ വിഭവങ്ങൾക്ക് ഇത്രയും വില ഉണ്ടെന്നത് പലരും ശ്രദ്ധിക്കുന്നത്. അമിത വില ഈടാക്കുന്നതിനെതിരെ വിമർശനമുയർന്നിരുന്നു.
പാരായതികൾ ഉയർന്നപ്പോൾ സിവിൽ സപ്ലൈസ് അധികൃതർ സ്ഥലത്തെത്തി കാര്യം തിരക്കിയിരുന്നു. കരിമീൻ വറുത്തതിന് 350-450 രൂപ, തിലോപ്പിയയ്ക്ക് 250-300, കരിമീൻ വാഴയിലയിൽ പൊള്ളിച്ചതിന് 550, അയല വറുത്തതിന് 200 രൂപ ഇങ്ങനെ പോകുന്നു വില. നെയ്‌മീൻകറിക്ക് 220, അയല പൊള്ളിച്ചത് 220, നെയ്‌മീൻ വറുത്തത് 260 എന്നിങ്ങനെയാണ് മറ്റുവിലകൾ. ഹോട്ടലിനെതിരേ നടപടിയെടുക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്തിരിക്കുകയാണ് ഉദ്യോഗസ്ഥന്മാർ.
ഹോട്ടലിൽ നിന്നു മീൻ കഴിച്ച് കാശുപോയ ഒരാൾ വിളിച്ചു പരാതിപ്പെട്ടതോടെയാണ് സിവിൽ സപ്ലൈസ് അധികൃതർ ഇവിടെയെത്തിയത്. ഹോട്ടലിൽ നല്ല വൃത്തിയുണ്ടെങ്കിലും അമിതവില ഈടാക്കിയത് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും അത്ര പിടിച്ചില്ല. ഇത്രയും രൂപയുടെ ആവശ്യമെന്തെന്നാണ് അവരും ചോദിക്കുന്നത്. ഇതോടൊപ്പം, ചേർത്തല മുട്ടം മാർക്കറ്റിലെ 25 കടകളിലും പരിശോധന നടത്തി. ഏഴിടത്ത് ക്രമക്കേട് കണ്ടെത്തി. ഈ കടകൾക്കെതിരേ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതർ.
Post Your Comments