നിലമ്പൂർ: വിവിധ മയക്കുമരുന്ന് ഉപയോഗവും വിൽപനയും പതിവാക്കിയ ആറുപേർ തിങ്കളാഴ്ച പൊലീസ് പിടിയിൽ. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശികളായ കുറുപ്പത്ത് അജ്മൽ (21), മാരാപ്പാറ റജീഫ് (21), പരപ്പൻ സഫ്വാൻ (21), നടുവത്ത് സ്വദേശി ചേലക്കാട് നന്ദു കൃഷ്ണ (20), ചന്തക്കുന്ന് സ്വദേശി കോഴിപ്പിള്ളി അർജുനൻ (60), പുള്ളിപ്പാടം സ്വദേശി മോയിക്കൽ ബുനിയാസ് ബാബു (46) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് വിദ‍്യാർത്ഥികൾക്ക് കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകൾ എത്തിക്കുന്നവരെ കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനകം മയക്കുമരുന്നുമായി ബന്ധപ്പെട്ട 20 കേസുകളാണ് നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്തത്. വിദ‍്യാർത്ഥികൾ ഉൾപ്പെടെയുള്ളവരിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ച സഹചര‍്യത്തിൽ ആണ് നിലമ്പൂർ പൊലീസ് കർശന അന്വേഷണവും പരിശോധനയുമായി രംഗത്തെത്തിയത്.
പ്രദേശത്ത് വൻതോതിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്ന മങ്ങാട്ട് വളപ്പിൽ സൈഫുദ്ദീനെ രണ്ട് കിലോ കഞ്ചാവുമായി നിലമ്പൂർ പൊലീസ് പിടികൂടിയത് അടുത്തിടെയാണ്. വിദ‍്യാത്ഥികൾക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘങ്ങൾക്കെതിരെ അന്വേഷണം വ‍്യാപകമാക്കിയിട്ടുണ്ടെന്ന് നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments