മലയാളികളുടെ ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓണം. ഓണത്തെ കുറിച്ച് നിരവധി ഐതിഹ്യങ്ങളും കഥകളും തലമുറകളായി കൈമാറി വരുന്നുണ്ടെങ്കിലും മലയാളികള്‍ക്ക് പ്രിയം അസുര ചക്രവര്‍ത്തിയായ മഹാബലിയുടേയും വാമനന്റെയും കഥയാണ്. ഓണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത വിധം അടുത്ത് കിടക്കുന്നതാണ് മഹാബലി എന്ന അസുര ചക്രവര്‍ത്തിയെക്കുറിച്ചുള്ള കഥ. മലയാളികളെ സംബന്ധിച്ച് ഓണമെന്നാല്‍ ആണ്ട് തോറും അവരുടെ മാവേലിത്തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വരുന്ന ഉത്സവമാണ്.
Read Also: ഓണത്തിന് പൂക്കളം ഇടുന്നതിന്റെ ഐതിഹ്യം
മഹാബലി കേരളം ഭരിച്ചിരുന്ന കാലത്തെ സമ്പല്‍സമൃദ്ധികള്‍ പാടിപ്പുകഴ്ത്തിക്കൊണ്ടാണ് ഓരോ വര്‍ഷവും ഓണം ആഘോഷിക്കപ്പെടുന്നത്. ഓണത്തപ്പനെന്നും മാവേലിയെന്നുമുള്ള പേരുകളിലും മഹാബലി അറിയപ്പെടുന്നുണ്ട്. കാലത്തിനൊത്ത് ഓണാഘോഷങ്ങളില്‍ മാറ്റങ്ങള്‍ സംഭവിച്ചുണ്ടെങ്കില്‍ പഴമചോരാതെ തൃക്കാക്കരയപ്പനൊരുക്കിയും അത്തം പത്ത് ദിനം ഓരോ ദിനവും ഓരോ തരത്തിലുള്ള പൂക്കള്‍ കൂട്ടി പത്താമത്തെ ദിവസം പത്ത് തരം പൂക്കള്‍ കൊണ്ട് പൂക്കളമൊരുക്കുന്നവരും കേരളത്തിന്റെ പലഭാഗങ്ങളിലുമുണ്ട്.
വിരോചനന്റെ പുത്രനും പ്രഹ്ലാദന്റെ സഹോദരീ പുത്രനുമാണ് മഹാബലി. അസുര രാജാവായിരുന്ന ഹിരണ്യകശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദന്‍. മഹാബലിയ്ക്ക് ബാണാസുരന്‍ എന്നൊരു മകനും ഉണ്ടായിരുന്നു. അസുര രാജാവായിരുന്നെങ്കിലും മഹാവിഷ്ണുവിന്റെ കടുത്ത ആരാധകനായിരുന്നു മഹാബലി. മഹാധൈര്യശാലിയും രാജാക്കന്മാര്‍ക്കിടയിലെ രാജാവുമായ അദ്ദേഹം മഹാബലി ചക്രവര്‍ത്തി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നീതിമാനും സത്യസന്ധനുമായ മഹാബലിയുടെ പ്രസിദ്ധിയും കീര്‍ത്തിയും എല്ലാ നാടുകളിലേക്കും പടര്‍ന്നതോടെ ഇതില്‍ അസൂയ പൂണ്ട ദേവന്മാരാണ് തങ്ങളുടെ മേധാവിത്വം നഷ്ടപ്പെടുമെന്ന് ഭയന്ന് മഹാബലിയെ പരീക്ഷിക്കാന്‍ തീരുമാനിക്കുന്നത്. അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് തടയിടാനുള്ള പദ്ധതികളും ഇതോടൊപ്പം ദേവന്മാര്‍ ആസൂത്രണം ചെയ്തു. ദേവന്മാരുടെ മാതാവായ അദിതിയാണ് മഹാബലിയുടെ ആരാധനാ മൂര്‍ത്തിയായ മഹാവിഷ്ണുവിനെ ചെന്ന് കണ്ട് മഹാബലിയുടെ വളര്‍ച്ച തടയുന്നതിനുള്ള സഹായം തേടിയത്. ദാനശീലത്തിന് പേരുകേട്ട മഹാബലി അദ്ദേഹത്തോട് സഹായം അഭ്യര്‍ത്ഥിച്ച് ചെല്ലുന്ന ആര്‍ക്കും ധാരാളം സഹായങ്ങള്‍ ചെയ്ത് നല്‍കുന്ന വ്യക്തിയായിരുന്നു. ഇത് മനസ്സിലാക്കിയ മഹാവിഷ്ണു മഹാബലിയെ ഒന്ന് പരീക്ഷിക്കാനായി വാമനന്‍ എന്ന് പേരുള്ള ഒരു കുള്ളന്‍ ബ്രാഹ്മണനായി അവതാരമെടുത്തുകൊണ്ട് മഹാബലിയുടെ രാജ്യത്തേക്ക് എത്തി. പ്രഭാതസമയത്തെ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു മഹാബലി അപ്പോള്‍. ഈ സമയത്ത് തനിക്ക് മുന്‍പിലെത്തിയ ദരിദ്രനായ വാമനനോട് ദാനമായി എന്താണ് വേണ്ടത് എന്ന് മഹാബലി ചോദിച്ചു. തനിക്ക് കുറച്ച് ഭൂമി മാത്രം മതിയെന്നായിരുന്നു വാമനന്റെ മറുപടി. അതോടെ എത്രത്തോളം ഭൂമി വേണമെന്നായി മഹാബലിയുടെ ചോദ്യം. തന്റെ കാലുകൊണ്ട് മൂന്നടി അളന്നെടുക്കാവുന്നത്രയും ഭൂമി മാത്രം മതിയെന്ന് വാമനന്‍ പറഞ്ഞു. ആദ്യം മഹാബലിയ്ക്ക് അല്‍പ്പം ആശ്ചര്യം തോന്നിയെങ്കിലും വാമനന്റെ മുന്നോട്ടുവെച്ച ആവശ്യം അദ്ദേഹം അംഗീകരിച്ചിരുന്നു.
എന്നാല്‍, ഇതിനിടെ തന്നെ വാമനന്‍ ഒരു സാധാരണ വ്യക്തിയല്ല എന്ന് മനസ്സിലാക്കിയ അസുര ഗുരുവായ ശുക്രാചാര്യന്‍ വാമനന് ഭൂമി ദാനം ചെയ്യുന്നതില്‍ നിന്നും മഹാബലിയെ വിലക്കിയിരുന്നു. എന്നാല്‍, നല്‍കിയ വാക്ക് പാലിക്കാതിരിക്കുന്നത് ശരിയല്ലെന്നായിരുന്നു മഹാബലി ശുക്രാചാര്യന് നല്‍കിയ മറുപടി. എന്നാല്‍ ഒരിക്കല്‍പ്പോലും കുള്ളനായെത്തിയ ആ ബ്രാഹ്മണന്‍ മഹാവിഷ്ണു ആകുമെന്ന് മഹാബലി കരുതിയില്ല. അദ്ദേഹം ശുക്രാചാര്യരുടെ മുന്നറിയിപ്പ് ലംഘിച്ച് ഭൂമി എടുത്തുകൊള്ളാന്‍ വാമനനോട് പറഞ്ഞു. മഹാബലി ഉറപ്പുനല്‍കിയതോടെ വാമനന്റെ ശരീരം പെട്ടെന്ന് വലുതാകാന്‍ തുടങ്ങി. തുടര്‍ന്ന് വാമനന്‍ പ്രപഞ്ചത്തോളം വളര്‍ന്നു. ആദ്യത്തെ കാലടിയില്‍ വാമനന്‍ ഭൂമി മുഴുവന്‍ അളന്നു. രണ്ടാമത്തെ കാലടിയില്‍ ആകാശവും അളന്നുതീര്‍ത്തു. മൂന്നാമത്തെ കാലടി വെക്കാനുള്ള സ്ഥലം എവിടെയെന്ന് വാമനന്‍ മഹാബലിയോട് ചോദിച്ചു. ഇതോടെ തനിക്ക് മുന്‍പില്‍ നില്‍ക്കുന്നത് ഒരു സാധാരണ ബ്രാഹ്മണന്‍ അല്ലെന്ന് അതിനോടകം തന്നെ മഹാബലി തിരിച്ചറിയുകയും ചെയ്തു. വാമനന്റെ മൂന്നാമത്തെ കാല് കൂടി വെക്കുന്നതോടെ ഭൂമി മുഴുവന്‍ നശിക്കും എന്ന് തിരിച്ചറിഞ്ഞതോടെ മഹാബലി തൊഴുകൈകളോടെ വാമനന് മുന്‍പില്‍ ശിരസ്സ് കുനിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ വാക്ക് പാലിക്കുന്നതിന് വേണ്ടി അടുത്ത കാലടി തന്റെ ശിരസ്സില്‍ വെച്ചുകൊള്ളാന്‍ മഹാബലി വാമനനോട് പറയുകയായിരുന്നു. തുടര്‍ന്ന് മൂന്നാമത്തെ കാലടി വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ കാല്‍വെച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും ചെയ്തു. ഈ സമയത്താണ് ബ്രാഹ്മണനായെത്തിയ വാമനന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് മഹാബലി ചോദിക്കുന്നത്. ഇതോടെ മഹാവിഷ്ണു തന്റെ യഥാര്‍ത്ഥ രൂപത്തില്‍ മഹാബലിക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. മഹാബലിയെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് താന്‍ വന്നതെന്നും പരീക്ഷണത്തില്‍ മഹാബലി വിജയിച്ചുവെന്നും മഹാവിഷ്ണു പറഞ്ഞു. തന്റ പ്രജകളോട് സ്‌നേഹം സൂക്ഷിച്ചിരുന്ന മഹാബലിയെ സംബന്ധിച്ച് പാതാളത്തിലേക്ക് പോകുകയെന്നത് അത്രയധികം വിഷമകരമായിരുന്നു. അതുകൊണ്ട് വര്‍ഷത്തില്‍ ഒരു തവണ തന്റെ പ്രജകളെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് മഹാബലി മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കാന്‍ മഹാവിഷ്ണുവും തയ്യാറായിരുന്നു.
രാജ്യത്ത് നിന്നും പോയാലും മഹാബലിയെ എന്നും പ്രജകള്‍ സ്‌നേഹത്തോടെ ഓര്‍മ്മിക്കുമെന്നും മഹാവിഷ്ണു മഹാബലിക്ക് അനുഗ്രഹം നല്‍കുകയും ചെയ്തു. മഹാവിഷ്ണു നല്‍കിയ വരം അനുസരിച്ച് തന്റെ പ്രജകളെ കാണാന്‍ മഹാബലി പാതാളത്തില്‍ നിന്നും തിരിച്ചുവരുന്ന ദിവസമാണ് മലയാളികള്‍ വര്‍ഷം തോറും ഓണമായി ആഘോഷിച്ചു വരുന്നത്. ചിങ്ങത്തിലെ അത്തം ദിവസം മുതല്‍ തുടങ്ങുന്ന മഹാബലിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ തിരുവോണത്തോടെയാണ് അവസാനിക്കുക. കേരളത്തിന്റെ പല ഭാഗങ്ങളിലും. അത്തം മുതല്‍ വീടുകള്‍ക്ക് മുന്‍പില്‍ ഓരോ തരം പൂക്കളെന്ന കണക്കില്‍ പൂക്കളം ഒരുക്കും. മഹാബലി പ്രജകളെ കാണാനെത്തുന്നതെന്ന് വിശ്വസിക്കുന്ന തിരുവോണ നാളിലാണ് ഏറ്റവും പ്രധാന ആഘോഷം.
കേരളത്തില്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര എന്ന സ്ഥലത്താണ് ഓണാഘോഷങ്ങളുടെ ആസ്ഥാനമായി കണക്കാക്കുന്നത്. ഇവിടെ വെച്ചാണ് വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതെന്നാണ് ഐതിഹ്യം. മഹാബലിയുടെ രാജ്യത്തിന്റെ തലസ്ഥാനം തൃക്കാക്കര ആണെന്നും വിശ്വസിക്കപ്പെടുന്നു. തൃക്കാക്കരയപ്പന്‍ അഥവാ വാമന മൂര്‍ത്തിയാണ് തൃക്കാക്കര ക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്നത്. കേരളത്തില്‍ വാമനമൂര്‍ത്തി ആരാധിക്കപ്പെടുന്ന ഏക ക്ഷേത്രം തൃക്കാക്കരയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഓണത്തോടനുബന്ധിച്ച് കളിമണ്ണ് ഉപയോഗിച്ച് തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ പ്രത്യേക രൂപം ഉണ്ടാക്കി ആരാധിക്കുന്ന പതിവും ഓണത്തോടനുബന്ധിച്ചുണ്ട്. മണ്ണിലുണ്ടാക്കിയെടുക്കുന്ന രൂപത്തില്‍ അരിമാവുകൊണ്ട് അലങ്കരിച്ചാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്.
Post Your Comments