Latest NewsKeralaNews

‘എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ’: വൈറലായി മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്

'കുരുന്നുകളുടെ കൂടെ ഓണം ആഘോഷിക്കാനെത്തുന്ന മന്ത്രി അപ്പൂപ്പൻ'

തിരുവനന്തപുരം: ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ലഭിച്ച രസകരമായ കത്താണിത്. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി.എസിലെ രണ്ടാം ക്ലാസുകാര്‍ ആണ് ശിവൻകുട്ടി അപ്പൂപ്പന് കത്തയച്ചിരിക്കുന്നത്. മീനാഷിയെന്ന വിദ്യാർത്ഥിയാണ് എല്ലാവര്‍ക്കും വേണ്ടി കത്തെഴുതിയത്. ഓണം ആഘോഷിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള കത്ത് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.

‘അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്‌കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്തംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന്‍ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന്‍ ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു. എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാര്‍’, എന്നതാണ് കത്തിന്റെ ഉള്ളടക്കം.

വിദ്യാര്‍ഥികളുടെ ക്ഷണം സ്വീകരിച്ച് സ്‌കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ‘കുഞ്ഞുങ്ങളെ ഞാൻ നാളെ വരും. നിങ്ങളോടൊത്ത് ഓണം ആഘോഷിക്കാൻ. എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ’, ശിവൻകുട്ടി മറുപടി എഴുതി. ഈ ഓണക്കാലത്ത് തനിക്ക് ലഭിച്ച ഏറ്റവും മധുരമായ സമ്മാനമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button