ജാതി മത ഭേദമന്യേ എല്ലാവരും കൊണ്ടാടുന്ന ആഘോഷമാണ് ഓണം. ഓണക്കാലത്ത് ഗ്രാമങ്ങളില്‍ കണ്ടു വന്നിരുന്ന കളികളാണ് ഓണക്കളികള്‍ എന്നറിയപ്പെട്ടിരുന്നത്. ഓണം തുള്ളല്‍, ഓണത്തല്ല്, കമ്പവലി, പുലിക്കളി, കൈകൊട്ടിക്കളി, കുമ്മാട്ടിക്കളി തുടങ്ങിയവയെല്ലാം ഓണക്കളികള്‍ക്ക് ഉദാഹരണങ്ങളാണ്. കോവിഡിന് ശേഷം ഓണക്കളികൾ കുറവാണ്. പലരും മറന്നു തുടങ്ങിയ, ഇന്നത്തെ തലമുറയ്ക്ക് കണ്ട് പരിചയമില്ലാത്ത രണ്ട് കളികളാണ് ഒണംതുള്ളലും കുമ്മാട്ടിക്കളിയും.
കുമ്മാട്ടിക്കളി
ഓണാഘോഷത്തിന്റെ ഭാഗമായി വരുന്ന ഒരു കളിയാണ് കുമ്മാട്ടിക്കളി. കുമ്മാട്ടിപ്പുല്ല് ദേഹത്ത് വെച്ച് കെട്ടി കളിക്കുന്നതാണ് ഈ വിനോദം. പന്നി, ഹനുമാന്‍, കൃഷ്ണന്‍ തുടങ്ങിയവരുടെ മുഖം മൂടികള്‍ അണിഞ്ഞ് ചെറുപ്പക്കാരും കുട്ടികളും വീടുകള്‍ സന്ദര്‍ശിക്കുന്നു. തൃശൂര്‍, പാലക്കാട്, വയനാട് പ്രദേശങ്ങളിലാണ് ഈ കല അധികവും പ്രചാരത്തിലുള്ളത്.
ഒണംതുള്ളൽ
വേല സമുദായത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന കലാരൂപമായതിനാല്‍ വേലന്‍ തുള്ളല്‍ എന്നും ഇതിന് പേരുണ്ട്. ഉത്രാടനാളിലാണ് ഈ കളി തുടങ്ങുന്നത്. കളി സംഘം വീടുകള്‍ തോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽപ്പെട്ട ഏതെങ്കിലും ഒരു പുരുഷൻ, ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ടുകിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു. പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു.
Post Your Comments