മാഡ്രിഡ്: വടക്കുകിഴക്കൻ സ്‌പെയിനിലെ കാറ്റലോണിയയിൽ ഭീമൻ ആലിപ്പഴം തലയിൽ വീണ് ഒന്നരവയസുള്ള കുട്ടി മരിച്ചു. പ്രദേശത്ത് 10 മിനിറ്റ് നേരം ഭീകരാന്തരീക്ഷം നേരിട്ടു. ശക്തമായ നാശം വിതച്ച ആലിപ്പഴ വർഷത്തിൽ ലാ ബിസ്ബാൽ ഡി എംപോർഡ ഗ്രാമത്തിന് സമീപമുള്ള പ്രദേശടത്തെ ജനങ്ങൾ ഭയന്ന് വിറച്ചു. 10 സെന്റീമീറ്റർ (4 ഇഞ്ച്) വരെ വ്യാസമുള്ള മുഷ്ടി വലിപ്പമുള്ള ആലിപ്പഴം ആയിരുന്നു പെയ്തത്. 50
ഓളം പേർക്ക് പരിക്കേറ്റു. പലരുടെയും എല്ലുകൾ ഒടിയുകയും ചതയുകയും ചെയ്തു.
ഭീമൻ ആലിപ്പഴം തലയിൽ വീണ് 20 മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇവിടെയുള്ളവർ. കല്ലുകളിലൊന്ന് 20 മാസം പ്രായമുള്ള കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. കുട്ടിയെ അടുത്തുള്ള നഗരമായ ജിറോണയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു എന്ന് പ്രാദേശിക ചാനൽ 324 റിപ്പോർട്ട് ചെയ്തു. വീടിന്റെ മേൽക്കൂരകളും ജനാലകളും ആലിപ്പഴ വർഷത്തിൽ തകർന്നു. പവർ കേബിളുകൾ ഇടിഞ്ഞു താണു. ഇതിലെ ഒരു ആലിപ്പഴത്തിന് 10 സെന്റിമീറ്റർ നീളമുണ്ട് എന്ന് കാറ്റലോണിയയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2002 മുതലിങ്ങോട്ട് നോക്കിയാൽ വീണ ഏറ്റവും വലിയ ആലിപ്പഴമാണ് ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആലിപ്പഴം വീണ് തുടങ്ങിയപ്പോൾ തന്നെ ആളുകൾ നിലവിളിക്കാനും ഒളിക്കാനും തുടങ്ങി. കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ മെറ്റിയോകാറ്റ് പ്രകാരം കാറ്റലോണിയയിൽ രണ്ട് പതിറ്റാണ്ടിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ആലിപ്പഴ വർഷമാണ് ഇത്. പ്രദേശത്തിന്റെ ചില ഭാഗങ്ങളിൽ ബുധനാഴ്ചയും കൊടുങ്കാറ്റ് ജാഗ്രതാ നിർദേശം നൽകി. ചൊവ്വാഴ്ച ആലിപ്പഴം വീണതുമായി ബന്ധപ്പെട്ട് 40 ഫോൺവിളികളാണ് മേഖലയിലെ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് ലഭിച്ചത്. അപകടത്തെ ദുരന്തമെന്നാണ് കാറ്റലോണിയ പ്രസിഡന്റ് പെരെ അരഗോൺസ് വിശേഷിപ്പിച്ചത്.
Post Your Comments