ഭോപ്പാൽ: യുപിക്ക് പിന്നാലെ ഭോപ്പാലിലും മാളിൽ ഇസ്സാം മത വിശ്വാസികൾ നമസ്കരിക്കുന്നതിനെതിരെ പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ഹനുമാൻ ചാലിസ ചൊല്ലി ബജ്‌റംഗ്ദൾ പ്രവർത്തകർ ആണ് രംഗത്തെത്തിയത് . ഭോപ്പാലിലെ ഡിബി മാളിലാണ് സംഭവം. ചില ജീവനക്കാർ മാളിന്റെ ഒരു കോണിൽ നമസ്‌കരിക്കുന്നതിനെതിരെയാണ് ബജ്‌റംഗ്ദളിന്റെ പ്രതിഷേധം. വിവാദത്തിന് പിന്നാലെ മതപരമായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്ന് മാൾ മാനേജ്‌മെന്റ് തീരുമാനിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിന്റെ വീഡിയോകളിൽ, ബജ്‌റംഗ്ദളുകാർ ആദ്യം പോകുന്നത് ചില മുസ്ലിം ജീവനക്കാർ പ്രാർത്ഥന നടത്തുന്ന സ്ഥലത്തേക്കാണ്. ‘ഇതെല്ലാം പതിവായി നടക്കുന്നു’ എന്ന വിവരം തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് പ്രതിഷേധ സംഘം പറയുന്നു. പ്രതിഷേധമായതോടെ ലോക്കൽ പൊലീസ് മാളിലെത്തി പ്രശ്‌നം രമ്യമായി പരിഹരിച്ചതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ബദൗരിയ പറഞ്ഞു.
തുടർന്ന്, മാൾ പരിസരത്ത് മതപരമായ പ്രവർത്തനങ്ങളൊന്നും അനുവദിക്കരുതെന്ന് മാൾ മാനേജ്‌മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കിലോമീറ്റർ അകലെയുള്ള മസ്ജിദിലേക്ക് പോകുന്നത് വഴി ജോലി സമയം നഷ്ടമാകാതിരിക്കാനാണ് ജീവനക്കാർ നമസ്‌കാരത്തിനായി കോർണർ ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ലുലു മാളിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു. പിന്നീട് മാളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ പ്രാർത്ഥനകൾ നിരോധിച്ചുകൊണ്ടാണ് സംഭവം പരിഹരിച്ചത്.
Post Your Comments