കോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി
ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് യുവജനതയെ ബോധവത്കരിക്കാൻ ഡി.വൈ.എഫ്.ഐ ഇറങ്ങിയിരിക്കുന്നത്. യുവജനങ്ങളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സംഘടനാ നേതൃത്വം നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.
ജനങ്ങളെ അണിനിരത്തി പരിപാടികൾ സംഘടിപ്പിക്കാനാണ് നീക്കം. ഇതിനായി സംസ്ഥാനത്ത് 25,000 കേന്ദ്രങ്ങളിൽ സെപ്തംബർ 1 മുതൽ 20 വരെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും. ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ തീരുമാനിച്ചതായും വി.കെ.സനോജ് കോഴിക്കോട് പറഞ്ഞു. സെപ്തംബർ 18ന് 25,000 കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ലക്ഷക്കണക്കിന് ആളുകളെ ഇതിൽ പങ്കെടുപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
സ്‌കൂൾ, കോളേജുകൾ കേന്ദ്രീകരിച്ചും ഗ്രാമ-നഗര വ്യത്യാസം ഇല്ലാതെയും ഇതിന്റെ കണ്ണികൾ വ്യാപിക്കുകയാണ്. ഇത്തരം സംഘങ്ങളെ നാട്ടിൽ നിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്ന നിഗമനത്തിലാണ് ഡി.വൈ.എഫ്.ഐ. ഇതോടൊപ്പം, മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കാനും ഡി.വൈ.എഫ്.ഐ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും 2,500 രഹസ്യ സ്ക്വാഡുകൾ രൂപീകരിക്കാനാണ് നീക്കം.
Post Your Comments