KeralaLatest NewsIndia

കോടിയേരിക്ക് പകരം എംവി ഗോവിന്ദനെന്ന് സൂചന, ടീച്ചറമ്മ വീണ്ടും മന്ത്രിസഭയിലേക്ക്? വീണാജോർജ് സ്പീക്കറായേക്കും

തിരുവനന്തപുരം: രണ്ട് ദിവസം നീളുന്ന സിപിഐഎമ്മിന്റെ അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആരംഭിക്കും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ലോകായുക്ത ഭേദഗതി, ഗവര്‍ണറുമായുള്ള തര്‍ക്കം എന്നിവയില്‍ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വാങ്ങി മുന്നോട്ട് പോകണമെന്നാണ് നേതാക്കളുടെ നിര്‍ദേശം. കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയുന്നതിനെ സംബന്ധിച്ച സൂചനകളുണ്ട്.

രണ്ടാഴ്ച്ച മുമ്പ് ചേര്‍ന്ന നേതൃയോഗങ്ങളില്‍ പങ്കെടുത്തെങ്കിലും അദ്ദേഹം പിന്നീട് ആശുപത്രിയിലായി. 5 ദിവസത്തെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് സെക്രട്ടേറിയറ്റ് ചേരുന്നത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. നേരത്തെ ചികിത്സയ്ക്കായി അവധി എടുത്തപ്പോള്‍ പകരം ചുമതല എ വിജയരാഘവന് നല്‍കിയിരുന്നു. ഇതിന് സമാനമായി പകരം ചുമതല നല്‍കണോ എന്ന് തീരുമാനിക്കാനാണ് അവയ്‌ലബിൾ പിബി യോഗം ചേരുന്നത്.

കോടിയേരി ഒഴിയുകയാണെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി എംവി ഗോവിന്ദനെ പരിഗണിക്കാനാണ് സാധ്യത. 75 വയസ് എന്ന പ്രായപരിധി മാനദണ്ഡവും ഗോവിന്ദന് തടസമാകില്ല. അതിനാല്‍ കൂടുതല്‍ സാധ്യത ഗോവിന്ദനാണ്. മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ മൂന്നാമതും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ നിലവിലെ മന്ത്രിസ്ഥാനം ഒഴിയും. ഈ മന്ത്രി സ്ഥാനം ആര്‍ക്ക് നല്‍കുമെന്നതില്‍ നിലവില്‍ തീരുമാനമായില്ല. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പകരം മന്ത്രിയെ നിയോഗിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ നിന്ന് നിലവില്‍ മന്ത്രിമാരില്ല. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഉള്‍പ്പെടെ നടക്കുന്നതിനാല്‍ തീരദേശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ മന്ത്രിയാക്കാനും സാധ്യതയേറെയാണ്.

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കും. നിലവില്‍ സ്പീക്കറായ എംബി രാജേഷിനെ വിദ്യാഭ്യാസ മന്ത്രിയാക്കാനാണ് ആലോചനകളെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയായ വി ശിവന്‍കുട്ടിയെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കും.

സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വന്നതിനെ തുടര്‍ന്ന് ഏറെ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ നേതാവിനെ സിപിഐഎം അന്വേഷിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവന്നേക്കും. വീണ ജോര്‍ജ് ഒഴിയുന്ന മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ നിയോഗിക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button