ദില്ലി: അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ സസ്പെന്‍ഷന്‍ ഫിഫ പിന്‍വലിച്ചു. ഫെഡറേഷന്‍ ഭരണത്തില്‍ ബാഹ്യ ഇടപെടല്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഇന്ത്യക്ക് രാജ്യാന്തര മത്സരങ്ങളില്‍ കളിക്കാനോ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്പ്യന്‍സ് ലീഗ് തുടങ്ങിയ രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാൻ കഴിയാതെ വന്നു. ഇന്ത്യ വേദിയാവേണ്ട അണ്ടര്‍-17 വനിതാ ലോകകപ്പും അനിശ്ചിതത്വത്തിലായി.
വിലക്ക് നീക്കിയതോടെ ഒക്ടോബര്‍ 11 മുതല്‍ 30വരെ നടക്കേണ്ട അണ്ടര്‍-17 വനിതാ ലോകകപ്പ് മുന്‍ നിശ്ചയപ്രകാരം ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് ഫിഫ വ്യക്തമാക്കി. 12 വർഷമായി അഖിലേന്ത്യാ ഫുട്ബോള്‍ പ്രസിഡന്‍റ് സ്ഥനത്ത് തുടരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചതിന് പിന്നാലെയായിരുന്നു ഫിഫ ഈ മാസം ആദ്യം ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്. ദൈനംദിന കാര്യങ്ങൾ ഫെഡറേഷൻ കൈകാര്യം ചെയ്യുമ്പോൾ വിലക്ക് നീക്കുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു.
Read Also:- പിരീഡ്സ് സമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാൻ ഫൂട്ട് മസാജ്
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഭരണത്തിന് രൂപീകരിച്ച സമിതിയുടെ പ്രവർത്തനം സുപ്രീം കോടതി രണ്ട് ദിവസം മുമ്പ് അവസാനിപ്പിക്കുകയായിരുന്നു. ഭരണത്തിന്‍റെ ചുമതല ഫെഡറേഷന്‍റെ ആക്ടിങ് സെക്രട്ടറി ജനറലിന് കൈമാറുകയും ചെയ്തു. ഫിഫയുടെ വിലക്ക് മറികടക്കാനും അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം നഷ്ടപ്പെടാതിരിക്കാനുമാണ് ഉത്തരവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments