കുന്നംകുളം: രണ്ട് ചോദ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ആദ്യത്തേത് ഡോക്ടറും രണ്ടാമത്തേത് പോലീസും ചോദിച്ച ചോദ്യങ്ങള്‍. ഈ മാസം 19-നാണ് രുക്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍നിന്നും മലങ്കര ആശുപത്രിയില്‍നിന്നും ഇവരെ തിരിച്ചയച്ചിരുന്നു. മരുമകനെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുവരാന്‍ പോയി തിരിച്ചുവരുന്നതിനിടെ പുറത്തുനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതയെന്നാണ് മകള്‍ പറഞ്ഞത്.
തൃശ്ശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോഴാണ് കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് എന്തിനാണ് നിങ്ങൾ വിഷം കഴിച്ചതെന്ന് ഡോക്ടര്‍ രുക്മിണിയോട് ചോദിച്ചു. വിഷം കഴിച്ചിട്ടില്ലെന്ന് അവര്‍ മറുപടിയും നല്‍കി. ഇതോടെ മറ്റാരോ വിഷം നല്‍കിയതായി ഡോക്ടര്‍ക്ക് സംശയമുണ്ടായി. തിങ്കളാഴ്ച രുക്മിണി മരിച്ചതോടെ വിവരം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. സാധാരണമരണം എന്ന രീതിയിലാക്കാനായിരുന്നു മകളുടെ പദ്ധതി.
പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ ശരീരത്തില്‍ വിഷത്തിന്റെ സാന്നിധ്യം തെളിഞ്ഞു. ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നു. ഗൂഗിളില്‍ എലിവിഷത്തെക്കുറിച്ച് ഇവർ സേർച്ച് ചെയ്തിരിക്കുന്നത് കണ്ടതോടെ പോലീസ് ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയെ കൊലപ്പെടുത്തിയതില്‍ ഒരുതരി സങ്കടംപോലും ഇന്ദുലേഖയുടെ മുഖത്തുണ്ടായിരുന്നില്ല.
തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാരും അയല്‍ക്കാരുമെല്ലാം അത്ഭുതത്തോടെയാണ് നിർവികാരയായ ഇവരെ കണ്ടത്. ഇതിനിടെ, കടബാധ്യത തീർക്കാൻ പണത്തിനായി അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഇന്ദുലേഖ (39) കടക്കെണിയിലായതിന് പിന്നിൽ ഓൺലൈൻ റമ്മിയുമെന്ന് സൂചന. ഓൺലൈൻ റമ്മി കളിയിലൂടെയാണ് എട്ടുലക്ഷത്തിന്റെ ബാദ്ധ്യത വന്നതെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഇവരുടെ 17 കാരനായ മകന്റെ ഫോണിൽ ചില ഓൺലൈൻ ആപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴായി ചെറിയ തുകകൾ ഇന്ദുലേഖയിൽ നിന്നും മകൻ വാങ്ങിയിരുന്നതായി സംശയമുണ്ട്. അതുകൊണ്ടു മാത്രം ഇത്രയും ബാദ്ധ്യതയുണ്ടാവില്ല. ഫോണുകൾ സൈബർ സെല്ലിൽ പരിശോധിപ്പിക്കും. ഇന്ദുലേഖയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇന്ദുലേഖയാണോ മകനാണോ റമ്മി കളിച്ചത് എന്നതിലും വ്യക്തത വരാനുണ്ട്. ഭർത്താവ് പ്രതിമാസം 8,000 രൂപയാണ് അയയ്ക്കാറുള്ളതെന്നും വീട്ടുചെലവുകൾക്കുൾപ്പെടെ വന്ന ബാദ്ധ്യതയാണെന്നാണ് ഇന്ദുലേഖയുടെ മൊഴി. ബാദ്ധ്യത തീർക്കാൻ ബ്‌ളേഡ് കമ്പനികളിൽ നിന്ന് ഇന്ദുലേഖ വായ്പ എടുത്തിരുന്നതായും സൂചനയുണ്ട്. മകനെക്കൊണ്ടാണ് ഇന്ദുലേഖ ഗുളികകളും എലിവിഷവും വാങ്ങിപ്പിച്ചത്. കൊലപാതകത്തിനുള്ള തയ്യാറെടുപ്പാണെന്ന് മകന് അറിയുമായിരുന്നില്ല.
Post Your Comments