കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ മലയാളികൾ ആരും ഒരിക്കലും മറക്കാനിടയില്ല. ലിനിയുടെ കുടുംബം പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ്. റിതുലിനും സിദ്ധാർത്ഥിനും ഇനി അമ്മയും ചേച്ചിയുമായി പ്രതിഭയും, ദേവ പ്രിയയും ഉണ്ടാകുമെന്ന് സജീഷ് അറിയിച്ചിരുന്നു. ഇപ്പോഴിതാ, സജീഷിനും പ്രതിഭയ്ക്കും ആശംസകൾ അറിയിച്ചിരിക്കുകയാണ് മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർത്ഥിനും ഒരു അമ്മയെ കിട്ടുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ശൈലജ അറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുന്മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഇത് വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്. മലയാളികൾ ഒരിക്കലും മറക്കരുതാത്ത പേരാണ് സിസ്റ്റർ ലിനിയുടേത്. ആ പേര് തെറ്റായിട്ടാണ് ശൈലജ ഉപയോഗിച്ചിരിക്കുന്നത്. ലിനിക്ക് പകരം റിനി എന്നാണ് കെ.കെ ശൈലജ ഫേസ്‌ബുക്കിൽ കുറിച്ചത്. ടീച്ചർ ലിനിയുടെ പേര് ഒരിക്കലും മറക്കരുതായിരുന്നുവെന്നും, റിനി അല്ല ലിനിയാണെന്നും ഓർമിപ്പിക്കുന്നവരുണ്ട്. ഏതായാലും ഇതൊരു അക്ഷരപ്പിശക് ആകാനാണ് സാധ്യത. പോസ്റ്റിലെ മറ്റ് സ്ഥലങ്ങളിൽ ‘ലിനി’ എന്ന് തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
‘കേരളത്തിൻ്റെ അഭിമാനഭാജനമായ ലിനി വിട്ടുപിരിഞ്ഞതിന് ശേഷം സജീഷും മക്കളും എല്ലാവരുടെയും മനസിൽ വേദനിക്കുന്നൊരോർമയാണ്. ലിനിയുടെ മക്കളെ പ്രയാസങ്ങളറിയാതെ വളർത്തുന്നതിൽ ലിനിയുടെ അമ്മയും കുടുംബാംഗങ്ങളും സജീഷും ശ്രദ്ധാലുക്കളായിരുന്നു.റിതുലിനും, സിദ്ധാർത്ഥിനും അമ്മയായി പ്രതിഭയും ചേച്ചിയായി ദേവപ്രിയയും എത്തുന്നത് മക്കളുടെ മനസ്സിന് സന്തോഷം നൽകുന്ന കാര്യമായിരിക്കും. ഈ കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു’, കെ.കെ ശൈലജ ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments