ലണ്ടൺ: റോയല്‍ ലണ്ടന്‍ ഏകദിന ചാമ്പ്യൻഷിപ്പില്‍ വീണ്ടും വെടിക്കെട്ട് സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സസെക്സിനായി ബാറ്റേന്തിയ പൂജാര മിഡില്‍സെക്സിനെതിരെ 75 പന്തില്‍ സെഞ്ചുറി നേടി. റോയല്‍ ലണ്ടന്‍ കപ്പില്‍ നേരത്തെ വാര്‍വിക്ഷെയറിനും സറേക്കുമെതിരെ പൂജാര വെടിക്കെട്ട് സെഞ്ചുറികള്‍ നേടിയിരുന്നു.
പൂജാരയും ഓപ്പണര്‍ ടോം അസ്ലോപ്പിന്റെയും സെഞ്ചുറികളുടെ മികവില്‍ മിഡില്‍സെക്സിനെതിരെ സസെക്സ് 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സടിച്ചു. സസെക്സ് നിരയില്‍ ഇരുവര്‍ക്കുമല്ലാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. അസ്ലോപ് 155 പന്തില്‍ 189 റണ്‍സുമായി പുറത്താകാതെ നിന്നു. 19 ഫോറും അഞ്ച് സിക്സും അടങ്ങുന്നതാണ് അസ്ലോപ്പിന്റെ ഇന്നിംഗ്സ്.
പതിനെട്ടാം ഓവറില്‍ 95-2 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന പൂജാരയും അസ്ലോപ്പും 240 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി 335 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. 20 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്. നേരത്തെ, സറേയ്ക്കെതിരായ മത്സരത്തില്‍ 131 പന്തില്‍ 174 റണ്‍സ് പൂജാര നേടിയിരുന്നു. അഞ്ച് സിക്സും 20 ബൗണ്ടറികളുടെയും മികവിലാണ് പൂജാരയുടെ വെടിക്കെട്ട് സെഞ്ചുറി.
Read Also:- ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു ഒരു പരിധി വരെ തടയാം!
എട്ട് കളികളില്‍ മൂന്ന് സെഞ്ചുറിയടക്കം 102.33 ശരാശരിയില്‍ 116. 28 പ്രഹരശേഷിയില്‍ 614 റണ്‍സടിച്ച പൂജാരയാണ് ടൂര്‍ണമെന്റിലെ രണ്ടാമത്തെ വലിയ റണ്വേട്ടക്കാരന്. സസെക്സിനായി കൗണ്ടിയില്‍ നടത്തി മിന്നുന്ന പ്രകടനങ്ങളുടെ കരുത്തില്‍ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധ സെഞ്ചുറിയുമായി പൂജാര തിളങ്ങുകയും ചെയ്തു.
Post Your Comments