മീനരി വഴിപാടിന് പ്രസിദ്ധമായ ക്ഷേത്രമാണ് ചിറക്കടവ് ശ്രീ മഹാദേവക്ഷേത്രം. മഹാദേവ ക്ഷേത്രക്കുളത്തിലെ മീനുകൾക്ക് മീനൂട്ട് നടത്തിയാൽ രോഗദുരിതങ്ങൾ അകലുമെന്നാണ് വിശ്വാസം. മീനരി വഴിപാട് പതിവായുണ്ടെങ്കിലും കർക്കിടക വാവ് ദിനത്തിലെ വഴിപാടിനാണ് ഏറെ പ്രാധാന്യം.
കർക്കടക വാവ് ദിനത്തിലെ മീനരി വഴിപാടിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ ഭക്തജനതിരക്കായിരുന്നു ഇത്തവണയെന്നും ക്ഷേത്രം അധികൃതർ പറയുന്നു. രോഗശമനത്തോടൊപ്പം പിതൃപുണ്യത്തിനുമായാണ് ഈ ദിനത്തിൽ ഭക്തജനങ്ങൾ ഇവിടെ വഴിപാട് നടത്തുന്നത്.
ചിറക്കടവ് ശ്രീ മഹാ ദേവ ക്ഷേത്രത്തിൽ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിലെ ചിറയിലാണ് മത്സ്യങ്ങളെ ഊട്ടുന്നത്. മേൽശാന്തി ക്ഷേത്രത്തിൽ നിന്ന് പൂജിച്ച് നൽകിയ ധാന്യങ്ങൾ ഭക്തർ ചിറയിൽ സമർപ്പിക്കും. രാവിലെ ആറുമണി മുതൽ ആരംഭിക്കുന്ന വഴിപാടിൽ ക്ഷേത്ര കുളത്തിന് ചുറ്റും നടന്ന് മത്സ്യങ്ങൾക്കായി ധാന്യങ്ങൾ നൽകും.
രാവിലെ 11. 30ന് ക്ഷേത്രം അടയ്ക്കുന്നത് വരെ ദർശനത്തിനും മീനരി വഴിപാടിനുമായി സൗകര്യം ഉണ്ട് .ഉത്സവസമയത്തു മഹാദേവന്റെ ആറാട്ടും ഈ ക്ഷേത്രക്കുളത്തിലാണ്.
Post Your Comments