KeralaLatest NewsNews

സപ്ലൈകോ ജീവനക്കാർക്ക് 8.33 ശതമാനം ബോണസ് നൽകും

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ജീവനക്കാർക്ക് 8.33 ശതമാനം ബോണസായി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 30 ദിവസത്തിൽ കുറയാതെ ഹാജരുള്ളവരും 24,000 രൂപ വരെ പ്രതിമാസ ശമ്പളവുമുള്ളവരുമായ സപ്ലൈകോയുടെ സ്ഥിരം ജീവനക്കാർക്കാണ് ബോണസ് നൽകുന്നത്.

Read Also: ഗേറ്റ് തുറക്കാന്‍ വൈകിയതിന് സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

ഏഴായിരം രൂപ എന്ന പരിധിക്ക് വിധേയമായാണ് ബോണസ് അനുവദിക്കുന്നത്. ഇതനുസരിച്ച് ജീവനക്കാർക്ക് 6,996 രൂപയാണ് ബോണസായി ലഭിക്കുക. സപ്ലൈകോയിൽ ഡെപ്യൂട്ടേഷനിലുള്ള സർക്കാർ ജീവനക്കാരിൽ 34,240 രൂപയിൽ അധികരിക്കാതെ ശമ്പളം ലഭിക്കുന്നവർക്ക് 4,000 രൂപ ബോണസായി നൽകാനും വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ധാരണയായതായി മന്ത്രി അറിയിച്ചു.

സപ്ലൈകോയിലെ വിവിധ താത്ക്കാലിക -കരാർ തൊഴിലാളികളിൽ 180 ദിവസം ഹാജരുള്ള 24,000 രൂപ വരെ ശമ്പളം പറ്റുന്ന തൊഴിലാളികൾക്ക് 3,750 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വർഷം നൽകിയ 3,500 രൂപയിൽ നിന്ന് 250 രൂപ ഈ വർഷം ഈ വിഭാഗത്തിന് വർദ്ധിപ്പിച്ചു നൽകി. 180 ദിവസത്തിൽ കുറവ് ഹാജരുള്ളവർക്ക് ഹാജരിന് ആനുപാതികമായി ബോണസ് ലഭിക്കും.

24,000 രൂപയിൽ അധികം ശമ്പളമുള്ള സപ്ലൈകോയുടെ സ്ഥിരം-താത്ക്കാലിക ജീവനക്കാർക്കും 34,240 രൂപയിൽ അധികം ശമ്പളമുള്ള ഡെപ്യൂട്ടേഷൻ ജീവനക്കാർക്കും സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള ഉത്സവബത്ത ആയിരിക്കും ലഭിക്കുക.

സ്ഥിരം ജീവനക്കാർക്ക് 10 ഗഡുക്കളായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ 25,000 രൂപ ഫെസ്റ്റിവൽ അഡ്വാൻസ് അനുവദിക്കും. കൂടാതെ എല്ലാ വിഭാഗം ജീവനക്കാർക്കും 900 രൂപയുടെ സമ്മാനകൂപ്പൺ നൽകുന്നതാണ്. ഇത് ഉപയോഗിച്ച് സപ്ലൈകോയുടെ വിൽപനശാലകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം.

യോഗത്തിൽ സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ്കുമാർ പട്ജോഷി, ജനറൽ മാനേജർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരും പങ്കെടുത്തു.

Read Also: ലോകായുക്ത നിയമഭേദഗതി: തര്‍ക്കപരിഹാരത്തിന് സി.പി.എം – സി.പി.ഐ സമവായ ചര്‍ച്ചയില്‍ അന്തിമധാരണയായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button