ബെംഗളൂരു: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കൊലപാതകക്കേസിലെ പ്രതിക്ക് കാമുകിയോടൊപ്പം സ്വകാര്യഹോട്ടലിൽ കഴിയാൻ സൗകര്യമൊരുക്കിയ പോലീസുകാര്‍ക്കെതിരെ കേസ്. കർണാടകയിലെ ധർവാദിലാണ് സംഭവം. കർണാടക പോലീസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ബച്ച ഖാൻ എന്ന പ്രതിയെ ധർവാദ് കോടതിയിൽ ഹാജരാക്കാനാണ് ബെല്ലാരി പോലീസ് ശനിയാഴ്ച ഇയാളുമായി എത്തിയത്. എന്നാല്‍, കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് മടങ്ങിപ്പോകുന്നതിന് മുമ്പ് സ്വകാര്യഹോട്ടലിൽ കാമുകിയെ കാണാനുള്ള അവസരം പോലീസ് ഒരുക്കി നല്‍കുകയും കൂടാതെ, ഒപ്പമുണ്ടായിരുന്ന പോലീസുകാർ സ്ഥലത്ത് പാറാവ് നില്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ബച്ച ഖാന്റെ കാമുകി ഇവരെത്തുന്നതിന് മുമ്പ് തന്നെ ബെംഗളൂരുവിൽ നിന്ന് സ്ഥലത്തെത്തി ഹോട്ടൽ മുറിയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. പോലീസുകാർ നിയമലംഘനം നടത്തി പ്രതിയ്ക്ക് വേണ്ട ഒത്താശ ചെയ്തു നൽകുന്നതായി വിവരമറിഞ്ഞ ഹുബ്ബാലി ഗോകുല റോഡ് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി പരിശോധന നടത്തുകയും ബച്ച ഖാനെ കസ്റ്റഡിലെടുക്കുകയും ചെയ്തു. ഇത് കൂടാതെ, ഇയാൾക്കൊപ്പമെത്തിയ പോലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
ഫ്രൂട്ട് ഖാൻ എന്നറിയപ്പെടുന്ന ഇർഫാൻ എന്നയാളുടെ കൊലപാതകക്കേസിലെ പ്രതിയാണ് ബച്ച ഖാൻ. കേസിൽ അന്വേഷണം നടന്നുവരികയാണ്.
Post Your Comments