കൊച്ചി: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പ്രതികരണവുമായി എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തെഹ്‌ലിയ. ജെൻഡർ ന്യൂട്രാലിറ്റി ഉട്ടോപ്യന്‍ ഫെമിനിസ്റ്റ് തിയറിയാണെന്ന് ഫാത്തിമ തെഹ്‌ലിയ പ്രതികരിച്ചു. ഉട്ടോപ്യന്‍ ഫെമിനിസ്റ്റ് തിയറിയെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ലജ്ജാകരമാണെന്നും പ്രകൃതി വിരുദ്ധമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഫാത്തിമ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു ഫാത്തിമയുടെ മറുപടി.
‘നമ്മള്‍ എന്തിനാണ് ഒരു പൊതു സ്വത്വം രൂപീകരിക്കുന്നത്. ഇവിടെ വ്യത്യസ്ത സ്വത്വത്തില്‍ ജീവിക്കുന്നവരുണ്ട്. അവരെയെല്ലാം സാംശീകരിച്ച് ഒരു പ്രത്യേക സ്വത്വമാക്കി മാറ്റേണ്ടതില്ലല്ലോ. ആണ്‍കുട്ടിക്ക് ആണ്‍കുട്ടിയായും പെണ്‍കുട്ടിക്ക് പെണ്‍കുട്ടിയായും ജീവിക്കാനുള്ള അവകാശമാണ് യഥാര്‍ത്ഥത്തില്‍ ഭരണഘടന നല്‍കുന്നത്. ഒരോ വ്യക്തിക്കും അവരുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് അവരുടെ സ്വത്വത്തെ പ്രദര്‍ശിപ്പിച്ച് ജീവിക്കാനുള്ള അനുമതി നല്‍കണം’, ഫാത്തിമ പറഞ്ഞു.
അതേസമയം, ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ മുസ്ലിം ലീഗ് രംഗത്ത് വന്നിരുന്നു. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നാണ് മുസ്ലിം ലീഗ് വ്യക്തമാക്കിയത്. പുതിയ നിര്‍ദേശങ്ങള്‍ ഫ്രീ സെക്‌സിലേക്ക് വഴിതെളിക്കുമെന്നും, ദുരവ്യാപകമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ലീഗ് ഇതിനെ എതിര്‍ക്കുന്നതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
‘ലിബറലിസം വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രദ്ധ ചെലുത്താനുള്ള ഒരു സാഹചര്യത്തിലേക്ക് പോകണമെങ്കില്‍ അതിന് അനുസൃതമായ സാഹചര്യമുണ്ടാകണം. ആ കാര്യത്തില്‍ വാശിയില്ല എന്നൊക്കെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും കരിക്കുലം നെറ്റ്‌വര്‍ക്കിന്റെ നിര്‍ദേശങ്ങളില്‍ നിന്ന് അത് പിന്‍വലിക്കപ്പെട്ടിട്ടില്ല. അത്തരം കാര്യങ്ങളില്‍ ഒന്ന് കൂടി ശക്തമായി ഗവണ്‍മെന്റിനോട് ആവശ്യപ്പെടാന്‍ പാര്‍ട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്. ജെൻഡർ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിലേക്കൊക്കെ പോകും. ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെ പോസ്റ്ററുകള്‍ എങ്ങനെയായിരുന്നു. അതൊക്കെ എവിടേക്കാണ് പോകുന്നത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗ പ്രതിരോധം തന്നെയാണ്. ഇത് അതിലേക്ക് ആളുകളെ കൊണ്ടു പോകാനുള്ള ശ്രമമാണ് എന്നത് വളരെ വ്യക്തമായ കാര്യമാണ്’, സലാം പറഞ്ഞു.
Post Your Comments