തിരുവനന്തപുരം: ധനകാര്യ ഇടപാടുകളുടെ ആധുനികവത്രണം ലക്ഷ്യമാക്കി വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സുതാര്യവും കാര്യക്ഷമവുമായി സേവനം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയിട്ടുള്ള സംയോജിത ധനകാര്യ മാനേജ്മെന്റ് സംവിധാനം (I.F.M.S) അടുത്ത ചുവട് വയ്ക്കുകയാണ്. ഐ.എഫ്.എം.എസിന്റെ ഭാഗമായുള്ള വിവിധ ആപ്ലിക്കേഷനുകളിൽ ചില പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തയ്യാറായിക്കഴിഞ്ഞു.
ഒരു ഐ.എഫ്.എം.എസ് യൂസറിന് തനിക്ക് അംഗീകൃതമായ എല്ലാ ഐ.എഫ്.എം.എസ് ആപ്ലിക്കേഷനുകളും ആക്സസ് ചെയ്യുന്നതിന് ഔദ്യോഗിക ഇ-മെയിൽ ഐ.ഡിയെ അടിസ്ഥാനമാക്കി ലോഗിൻ ചെയ്യാനുള്ള സിംഗിൾസൈൻ ഓൺ സൗകര്യം പുതുതായി ആരംഭിക്കുന്നു. ട്രഷറി ഉദ്യോഗസ്ഥർക്ക് ട്രഷറി ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യുന്നതിനായി ആധാർ അധിഷ്ടിത ബയോമെട്രിക് ഓഥന്റിക്കേഷൻ സംവിധാനം ഏർപ്പെടുത്തുക വഴി ട്രഷറി ആപ്ലിക്കേഷനുകൾക്ക് അധിക സുരക്ഷ ഉറപ്പാക്കുന്നു. ഇത് മൊബൈൽ നമ്പറിലേക്ക് നൽകുന്ന പ്രതിദിന ഒടിപിക്ക് പുറമേ അധിക സുരക്ഷ നൽകുന്നു. വകുപ്പ് ഉദ്യോഗസ്ഥർ ഒരു ആപ്ലിക്കേഷനിലേക്ക് U.I.D.A.I ഡാറ്റ അടിസ്ഥാനമാക്കിയുള്ള ആക്സസ് ഉപയോഗിക്കുന്നത് രാജ്യത്തുതന്നെ ഒരുപക്ഷേ ആദ്യമാണ്. എല്ലാ ട്രഷറികളിലും ഇ-ഓഫീസ് സംവിധാനവും ഈ മാസത്തോടെ നടപ്പിലാക്കി കഴിഞ്ഞു.
നിലവിൽ ഗസറ്റഡ് ഓഫീസർമാരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം മുതലായവ ഓഫ്ലൈനായി സമർപ്പിക്കുന്നതു മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനായി SPARK മുഖേന രേഖകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സംവിധാനവും തയ്യാറായിക്കഴിഞ്ഞു. സ്പാർക്കിന്റെ ആൻഡ്രോയിഡ് ആപ്ലിക്കേഷനായ SPARK ON MOBILE നിലവിലുണ്ട്. അതിന്റെ ഐ.ഒ.എസ് ആപ്ലിക്കേഷൻ തയ്യാറായിക്കഴിഞ്ഞു. എല്ലാ ഐ.എഫ്.എം.എസ് ആപ്ലിക്കേഷനുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനായി ഐ.എഫ്.എം.എസ് അപ്ലിക്കേഷനുകൾക്ക് മാത്രമായി പൊതു U.R.Lഉം (www.ifms.kerala.gov.in) തയ്യാറായിട്ടുണ്ട്.
ഐ.എഫ്.എം.എസിന്റെ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ 22ന് 12 മണിയ്ക്ക് മസ്കറ്റ് ഹോട്ടലിൽ നിർവഹിക്കും. ധനകാര്യ വകുപ്പും ട്രഷറി വകുപ്പും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
Post Your Comments