KeralaLatest News

സേർച് കമ്മറ്റിയെ നിയമിച്ച സംഭവം: ഗവർണറുമായി തുറന്ന പോരിന് കേരള സർവകലാശാല, സെനറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗം ഇന്ന്. പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അജൻഡ യോഗത്തില്‍ ഉള്‍പ്പെടുത്തിയില്ല .സേർച് കമ്മിറ്റിയെ ഗവർണർ നിയമിച്ച സാഹചര്യത്തിൽ സെനറ്റ് പ്രതിനിധി കൂടി വന്നാലേ കമ്മിറ്റി പൂർണമാകൂ. സേർച് കമ്മിറ്റിയുടെ കാലാവധി 3 മാസം ആയതിനാൽ സെനറ്റ് പ്രതിനിധിയുടെ പേരു നിർദ്ദേശിക്കുന്നതു നീട്ടിക്കൊണ്ടു പോയാൽ അത് കാലഹരണപ്പെടും.

സേർച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയപരിധി കഴിഞ്ഞതു കൊണ്ട് ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയുടെ പേരു ലഭ്യമാകുന്ന മുറയ്ക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും ഇതു സംബന്ധിച്ച വിജ്ഞാപനത്തിൽ രാജ്ഭവൻ വ്യക്തമാക്കിയിരുന്നു.

വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ വരുന്നുണ്ട്. സേർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്താനും കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടാനുമുള്ള ബിൽ പാസായതിനു ശേഷമേ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. ജൂലൈ 15ന് ചേർന്ന് സെനറ്റിന്റെ വിശേഷാൽ യോഗം സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധി ആയി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രന്റെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ഈ സ്ഥാനത്തു നിന്ന് സ്വയം ഒഴിവായി.

സിൻഡിക്കറ്റിലെ വിദ്യാർഥി പ്രതിനിധിയുടെ തിരഞ്ഞെടുപ്പും ഒരു എയ്ഡഡ് കോളജിൽ പുതിയതായി സ്വാശ്രയ കോഴ്സ് അനുവദിക്കുന്നതും മാത്രമാണ് ഇന്നത്തെ സെനറ്റ് യോഗത്തിന്റെ അജൻഡയിൽ വിസി ഉൾപ്പെടുത്തിയിരിക്കുന്നത്. അജൻഡയ്ക്കു പുറത്തുള്ള ഇനമായി സെനറ്റ് പ്രതിനിധിയുടെ തിരഞ്ഞെടുപ്പും ഗവർണർക്കെതിരെയുള്ള പ്രമേയവും വരുമോ എന്നാണ് ഇനി അറിയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button