തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വസ്തതയ്ക്ക് കുറവ് വന്നിട്ടുണ്ടെന്നും മാധ്യമമേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റകൃത്യം വാർത്തയാക്കാനാണ് ഇവിടെ മാധ്യമങ്ങൾ മത്സരിക്കുന്നതെന്നും കുറ്റവാളികളുമായി പൊരുത്തപ്പെടലും ധാരണയും ഉണ്ടാക്കുന്ന സ്ഥിതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘കേരളത്തിലെ മാധ്യമങ്ങൾക്ക് അപചയം ഉണ്ടായിട്ടുണ്ട്. പഴയ നിലയിൽ നിന്ന് മാറി സമൂഹ മാധ്യമങ്ങളുടെ ലോകമാണ്. മുന്നിൽ കാണുന്നതെല്ലാം ശരിയെന്ന് തോന്നുന്ന അവസ്ഥ മാറി. മാധ്യമങ്ങളുടെ വിശ്വാസ്യത കൂടുതൽ തകരുന്ന നിലയുണ്ട്. നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേർ ഇറങ്ങി പുറപ്പെടുമ്പോൾ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകരെ അറിയിക്കുകയാണ് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ ചെയ്യേണ്ടത്’- മുഖ്യമന്ത്രി വ്യക്തമാക്കി.
Read Also: വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
‘രാഷ്ട്രീയം എല്ലാവർക്കും ഉണ്ട്. രാഷ്ട്രീയക്കാരുമായുള്ള ബന്ധം ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ സ്വയം ചിന്തിക്കണം. തിരുത്തൽ വരുത്തേണ്ടത് സ്വന്തമായിട്ടാണ്. വാർത്ത തെറ്റിയാൽ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലും മാധ്യമങ്ങൾ പാലിക്കുന്നില്ല. വികസന പദ്ധതികൾ പൂർണ്ണ ഫലപ്രാപ്തിയിലെത്തണമെങ്കിൽ സർക്കാർ നടപടികൾ ജനങ്ങൾ അറിയേണ്ടതുണ്ട്. നാട് മുഴുവനായി മെച്ചപെടാതെ ഒരു വ്യവസായം മാത്രം അഭിവൃദ്ധിപ്പെടില്ല എന്ന് മനസിലാക്കണം’- മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments