ജയ്പൂർ: കള്ളനെന്ന് തെറ്റിദ്ധരിച്ച് പച്ചക്കറി കച്ചവടക്കാരനെ ആൾക്കൂട്ടം അടിച്ചുകൊന്നു. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം നടന്നിരിക്കുന്നത്. ഗുരുതര പരിക്കേറ്റ പച്ചക്കറി വിൽപ്പനക്കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 45 കാരനായ ചിരഞ്ജി സൈനിയാണ് കൊല്ലപ്പെട്ടത്.
കള്ളനെന്ന് തെറ്റിദ്ധരിച്ച് ആളുകൾ ചേര്‍ന്ന് ഇയാളെ പിടികൂടി ആക്രമിക്കുകയായിരുന്നു. 12 ലേറെ പേര്‍ ചേര്‍ന്നാണ് സൈനിയെ ആക്രമിച്ചത്. ഒരു പച്ചക്കറി തോട്ടത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സൈനി. പ്രദേശത്തുനിന്ന് ഒരു ട്രാക്ടര്‍ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയിരുന്നു. പൊലീസും ട്രാക്ടര്‍ ഉടമയും ഇവരെ പിന്തുടര്‍ന്ന് വരികയായിരുന്നു. ആളുകൾ ചേര്‍ന്ന് മോഷ്ടാക്കളെ തടഞ്ഞതോടെ ഇവര്‍ തൊട്ടടുത്ത പാടത്തിലൂടെ ഓടി.
ഇതിനിടെ ട്രാക്ടര്‍ ഉടമ സൈനി മോഷ്ടാക്കളിലൊരാളാണെന്ന് തെറ്റിദ്ധരിച്ച് പിടികൂടുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ആൾക്കൂട്ട മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ സൈനിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് മൂന്ന് മണിയോടെ ഇയാൾ മരണത്തിന് കീഴടങ്ങി. പ്രതികൾ ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരായതിനാൽ ജനങ്ങൾക്കിടയിൽ വലിയ രോഷമാണ് ഉയരുന്നത്. വർഗീയ കലാപത്തിലേക്ക് പോകാതിരിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ട്.
പച്ചക്കറി കടയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് സൈനി തന്റെ കുടുംബം പുലര്‍ത്തിയിരുന്നത്. സൈനിയുടെ മരണത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സൈനിയുടെ കുടുംബത്തിന് സംഭവിച്ച തീരാ നഷ്ടത്തിന് നഷ്ടപരിഹാരം നൽകണമെന്നും സ്റ്റേഷൻ ഉപരോധിച്ച് ജനങ്ങൾ ആവശ്യപ്പെട്ടു. സൈനിയുടെ മകൻ യോഗേഷ് പിതാവിന്റെ മരണത്തിൽ പരാതി നൽകി.
സംഭവത്തിൽ കേസെടുത്തതായി സ്റ്റേഷൻ ഹൗസ് ഓഫീസര്‍ അറിയിച്ചു. നഷ്ടപ്പെട്ട ട്രാക്ടര്‍ റാംബാഗ് മേഖലയിൽ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ കുടിവെള്ളപ്പാത്രത്തിൽ തൊട്ടതിന് ഒമ്പത് വയസ്സുകാരനെ അധ്യാപകൻ അടിച്ചുകൊന്നത്. മര്‍ദ്ദനത്തിൽ കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജസ്ഥാനിൽ നടക്കുന്നത്. സംഭവത്തിൽ രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ പ്രതിരോധത്തിലാണ്. ഇതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ദളിത് വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു കഴിഞ്ഞു.
Post Your Comments