അമൂൽ ബ്രാൻഡിന്റെ പാലിന് വില വർദ്ധിപ്പിച്ചു. ഒരു ലിറ്ററിന് രണ്ട് രൂപയും അര ലിറ്ററിന് ഒരു രൂപയുമാണ് വർദ്ധിക്കുന്നത്. പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിലാകും. ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനാണ് പാലിന്റെ വില വർദ്ധിപ്പിച്ചത്. അമൂൽ പാലിന്റെയും ക്ഷീരോൽപ്പന്നങ്ങളുടെയും വിതരണക്കാരാണ് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ.
പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ ആകുന്നതോടെ, അമൂൽ ഗോൾഡ് പാലിന്റെ വില അര ലിറ്ററിന് 31 രൂപയും അമൂൽ താസ അര ലിറ്റർ പാലിന് 25 രൂപയും അമൂൽ ശക്തി പാലിന് അര ലിറ്ററിന് 28 രൂപയായും വർദ്ധിക്കും. അതേസമയം, അമൂലിന്റെ മാക്സിമം റീട്ടെയിൽ വിലയിലുള്ള വർദ്ധന നാല് ശതമാനം മാത്രമാണ്.
വൈദ്യുതി, പാർക്കിംഗ്, ചരക്ക് ഗതാഗതം, കാലിത്തീറ്റ എന്നിവയുടെ വില കുത്തനെ ഉയർന്നതോടെയാണ് പാലിന് വില വർദ്ധിപ്പിക്കുക എന്ന നടപടിയിലേക്ക് അമൂൽ നീങ്ങിയത്. അമൂലിന്റെ ഫ്രഷ് പാൽ ലഭിക്കുന്ന ഗുജറാത്ത്, ദില്ലി, പശ്ചിമ ബംഗാൾ, മുംബൈ എന്നീ സ്ഥലങ്ങളിലെല്ലാം വില വർദ്ധനവ് ബാധകമായിരിക്കും.
Post Your Comments