ന്യൂയോർക്ക്: സാഹിത്യകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇറാനിയൻ പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് രംഗത്ത്. ‘നിങ്ങൾക്ക് ഞങ്ങളെ കൊല്ലാം പക്ഷെ ഞങ്ങളുടെ ആശയത്തെ നിങ്ങൾക്ക് കൊല്ലാൻ കഴിയില്ല’ എന്ന് നേരത്തെ യു.എസിലെ തട്ടിക്കൊണ്ടുപോകൽ, കൊലപാതക ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ട മസിഹ് അലിനെജാദ് ട്വിറ്ററിൽ പറഞ്ഞു. ഭീകരതയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അവർ യു.എസ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
‘നിങ്ങൾക്ക് ഞങ്ങളെ കൊല്ലാം, പക്ഷേ ഞങ്ങളുടെ മാന്യതയ്‌ക്ക് വേണ്ടി എഴുതാനും പോരാടാനുമുള്ള ആശയത്തെ നിങ്ങൾക്ക് കൊല്ലാൻ കഴിയില്ല. സൽമാൻ റുഷ്ദിക്കെതിരായ ക്രൂരമായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. ന്യൂയോർക്കിലെ ഒരു തട്ടിക്കൊണ്ടുപോകലിനും കൊലപാതക ഗൂഢാലോചനയ്ക്കും ശേഷം, എനിക്ക് യു.എസ് മണ്ണിൽ സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. ഭീകരതയ്‌ക്കെതിരെ യു.എസ് ശക്തമായ നടപടിയെടുക്കണം,’ മസിഹ് അലിനെജാദ് ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ വംശജനായ സൽമാൻ റുഷ്ദി 1981ൽ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചിൽഡ്രനിലൂടെയാണ് പ്രശസ്തി നേടിയത്. എന്നാൽ, 1988ൽ പുറത്തിറങ്ങിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്‌സസ്’ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചു. തുടർന്ന് ഒമ്പത് വർഷത്തോളം അദ്ദേഹം ഒളിവിൽ കഴിഞ്ഞു. സർറിയലിസ്റ്റ്, ഉത്തരാധുനിക നോവൽ ചില മുസ്ലീങ്ങൾക്കിടയിൽ പ്രകോപനം സൃഷ്ടിച്ചു. അവർ അതിന്റെ ഉള്ളടക്കം ദൈവനിന്ദയാണെന്ന് കരുതുകയും തുടർന്ന് നോവൽ ചില രാജ്യങ്ങളിൽ നിരോധിക്കുകയും ചെയ്തു.
ഇന്ത്യയിലെ മികച്ച പത്ത് പ്രമുഖ ചരിത്ര സ്മാരകങ്ങളെ കുറിച്ചറിയാം
പുസ്തകം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിന് ശേഷം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി റുഷ്ദിയുടെ മരണത്തിന് ആഹ്വാനം ചെയ്ത് 3 മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. നോവലിന്റെ പ്രസിദ്ധീകരണത്തെ തുടർന്നുണ്ടായ അക്രമത്തിൽ കൃതിയുടെ വിവർത്തകർ ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ബ്രിട്ടീഷ്, അമേരിക്കൻ പൗരത്വമുള്ള സൽമാൻ റുഷ്ദി, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തുന്ന ആളാണ്.
Post Your Comments