Latest NewsKeralaNews

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഫയൽ അദാലത്ത് തുടരുന്നു

 

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ജില്ലാ തലത്തിലും ഡയറക്ടറേറ്റ് തലത്തിലും ഫയൽ അദാലത്തുകൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും തുടരുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

 

ജൂലൈ 31 നകം സേവനം നൽകേണ്ട ഫയലുകൾ തീർപ്പാക്കാതെ ബാക്കിയുണ്ടെങ്കിൽ, അദാലത്തിൽ ഉൾപ്പെടുത്തി സേവനം ഉറപ്പുവരുത്താനാകണം. ഇതിനായി വീണ്ടും അപേക്ഷ നൽകേണ്ടതില്ല. എല്ലാ ഓഫീസിലും ഫയൽ അദാലത്ത് സംഘാടനത്തിനായി നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

 

ആഗസ്റ്റ് 21, സെപ്റ്റംബർ 18 എന്നീ അവധി ദിവസങ്ങളിൽ ജോലിക്കെത്തി ജീവനക്കാർ ഫയൽ തീർപ്പാക്കൽ പ്രവർത്തനത്തിൽ പങ്കാളിയാകും. ഫയൽ തീർപ്പാക്കൽ യജ്ഞം വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും പ്രയത്‌നിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ തീർപ്പാക്കേണ്ട ഫയലുകൾ ആഗസ്റ്റ് 28നകം തീർപ്പാക്കണം. ഇതിനായി ആഗസ്റ്റ് 20 മുതൽ 25 വരെ അദാലത്തുകൾ നടത്തണം.

 

ആവശ്യമെങ്കിൽ അപേക്ഷകരെയും അദാലത്തിൽ പങ്കെടുപ്പിക്കണം. ജില്ലാ തലത്തിൽ തീർപ്പാക്കേണ്ട ഫയലുകൾ സെപ്റ്റംബർ 5നകം തീർപ്പാക്കും. തദ്ദേശ സ്വയം ഭരണ ഡയറക്ടറേറ്റ് തലത്തിൽ തീർപ്പാക്കേണ്ട ഫയലുകൾ സെപ്റ്റംബർ 20നകമാണ് തീർപ്പാക്കേണ്ടത്. കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ പാലനം സംബന്ധിച്ച കാര്യങ്ങളിൽ ചട്ടം 20 (3) പ്രകാരമുള്ള ഇളവ് 20 ശതമാനം വരെ നൽകാൻ അദാലത്ത് സമിതികൾക്ക് അധികാരമുണ്ട്.

 

വിജ്ഞാപനം ചെയ്ത റോഡുകൾക്ക് മാത്രമേ മൂന്ന് മീറ്റർ റോഡ് പരിധി പാലിക്കേണ്ടതുള്ളൂ.

തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിൽ പ്രസിഡന്റ്, ചെയർപേഴ്‌സൻ, മേയർ എന്നിവർ അദാലത്ത് സമിതി ചെയർമാനും സെക്രട്ടറി കൺവീനറുമായിരിക്കും. ഭരണസമിതി വെസ് പ്രസിഡന്റ്/ചെയർപേഴ്‌സൻ, ഡെപ്യൂട്ടി മേയർ, അസിസ്റ്റന്റ് എൻജിനിയർമാർ എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. ജില്ലാ തലത്തിൽ ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷത ചെയർമാനും എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ സമിതി കൺവീനറുമായിരിക്കും.

 

സംസ്ഥാന തലത്തിൽ ചെയർമാൻ പ്രിൻസിപ്പൽ ഡയറക്ടറാണ്. അർബൻ ഡയറക്ടറും റൂറൽ ഡയറക്ടറും കൺവീനർമാരുമാണ്. അദാലത്ത് സമിതികൾക്ക് സെപ്റ്റംബർ 30 വരെ പ്രാബല്യമുണ്ട്. ഫയൽ തീർപ്പാക്കലിന്റെ ഭാഗമായി ജൂലൈ മൂന്നിന് ജോലിക്കെത്തി 34,995 ഫയലുകൾ തദ്ദേശ സ്വയം ഭരണ വകുപ്പിൽ തീർപ്പാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button