കൊണ്ടോട്ടി: കടത്തിയ സ്വര്‍ണ്ണം തട്ടാന്‍ സ്വയം ക്വട്ടേഷന്‍ നല്‍കിയ യാത്രക്കാരനും നാലംഗ സംഘവും കരിപ്പൂരില്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാലംഗ സംഘത്തിലെ പുരയ്ക്കല്‍ മൊയ്തീന്‍ കോയ മുന്‍ സിപിഐഎം കൗണ്‍സിലറും മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്നു. നേരത്തെ സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.
ക്വട്ടേഷന്‍ സംഘം സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിനേത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തിന്റെ പരിസരത്ത് നിന്നും നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലെത്തിയ മഹേഷ് (42) എന്ന യുവാവാണ് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ 974 ഗ്രാം സ്വര്‍ണ്ണം തട്ടാന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.
പരപ്പനങ്ങാടി കുഞ്ഞിക്കാന്റെ പുരയ്ക്കല്‍ മൊയ്തീന്‍ കോയ (52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരയ്ക്കല്‍ മുഹമ്മദ് അനീസ് (32), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരയ്ക്കല്‍ അബ്ദുള്‍ റൗഫ് (36) എന്നവരാണ് മഹേഷിന്റെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടാനെത്തിയത്. നാലംഗ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് യാത്രക്കാരന്‍ തന്നെയാണ് സ്വര്‍ണ്ണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് മനസ്സിലായത്.
അപ്പോഴേക്കും മഹേഷ് ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തി. എന്നാല്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മഹേഷില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ്ണ മിശ്രിതത്തില്‍ നിന്ന് 885 ഗ്രാം സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു. കരിപ്പൂരില്‍ പിടികൂടുന്ന 50-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
Post Your Comments