ശ്രീനഗർ: ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. കശ്മീർ മേഖലയിൽ, രജൗറിയിലെ ആർമി ക്യാമ്പിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ദീർഘനേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് ഭീകരരെ വകവരുത്താൻ സാധിച്ചത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. പാർഗലിലെ കമ്പനി ഓപ്പറേറ്റിങ് ബേസിൽ അതിക്രമിച്ചു കയറാനൊരുങ്ങിയാണ് ഭീകരർ എത്തിയത്. സൈനികരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പട്ടാളക്കാർക്ക് വെടിയേറ്റു. ഇവരിൽ മൂന്നു പേർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Also read: മാലിയിൽ ഐഎസ് ഭീകരാക്രമണം: 42 സൈനികരെ കൊലപ്പെടുത്തി
തുടർന്ന് നടന്ന ഓപ്പറേഷനിൽ, 16 കോർപ്സിലെ സൈനികർ തീവ്രവാദികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായതായി ലെഫ്റ്റനന്റ് ജനറൽ മഞ്ജീന്തർ സിംഗ് മാധ്യമങ്ങളെ അറിയിച്ചു. ആക്രമണം ഉണ്ടായതിനെ തുടർന്ന് കൂടുതൽ ട്രൂപ്പുകളെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
Post Your Comments