Independence DayArticle

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യ കൈവരിച്ച സാമ്പത്തിക നേട്ടങ്ങള്‍

കാര്‍ഷികവൃത്തിയിലും വാണിജ്യവൃത്തിയിലും ഊന്നിയിരുന്ന ഒരു സാമ്പത്തികവ്യവസ്ഥയില്‍ നിന്നും ഉത്പാദനമേഖലയിലും സേവനമേഖലയിലും ഊന്നിയ സാമ്പത്തികവ്യവസ്ഥയിലേക്കുള്ള മാറ്റമാണ് ഇന്ത്യയുടെ സാമ്പത്തിക ചരിത്രം

1947ല്‍ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മദ്ധ്യകാലത്തിലെ ഏറ്റവും വലിയ ഉത്പാദകശക്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ദരിദ്രരാഷ്ട്രങ്ങളില്‍ ഒന്നായിത്തീര്‍ന്നിരുന്നു. തങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനുള്ള മാര്‍ഗ്ഗമായി ഇന്ത്യ തിരഞ്ഞെടുത്തത് ഒരു മിശ്ര സമ്പദ് വ്യവസ്ഥയായിരുന്നു. സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും സ്വഭാവങ്ങള്‍ ഉള്‍ച്ചേര്‍ന്നിരുന്ന ഒന്നായിരുന്നു അത്. സോവിയറ്റ് യൂണിയനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേന്ദീകൃതവും ആസൂത്രിതവുമായ പഞ്ചവത്സര പദ്ധതികളും ഇന്ത്യയില്‍ നടപ്പിലാക്കി. 1991 ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരെയും കൂടുതല്‍ സോഷ്യലിസത്തോടടുത്ത കേന്ദ്രീകൃത പദ്ധതിക്കള്‍ക്കായിരുന്നു ഇന്ത്യയില്‍ പ്രാമുഖ്യം. എന്നാല്‍ അതിനുശേഷം ഇന്ത്യ ഉദാരവത്കരണത്തിനും ആഗോളവത്കരണത്തിനും വിധേയമായി.

സാമ്പത്തിക ഉദാരവല്‍ക്കരണം

1950 മുതല്‍ 1991 വരെ ഇന്ത്യ സ്വീകരിച്ച സാമ്പത്തിക നയം ‘ലൈസന്‍സ്, ക്വോട്ട, പെര്‍മിറ്റ് രാജ്’ ആയിരുന്നു. പക്ഷേ 1991-ല്‍ ഒരു പുതിയ സാമ്പത്തിക നയം സ്വീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി. അതാണ് ‘ഉദാരവല്‍ക്കരണം, സ്വകാര്യവത്കരണം, ആഗോളവത്കരണം’. പി വി നരസിംഹറാവു ആയിരുന്നു അന്നത്തെ പ്രധാനമന്ത്രി, ധനമന്ത്രി മന്‍മോഹന്‍ സിംഗ്.

1980 മുതല്‍ നടപ്പിലാക്കിത്തുടങ്ങിയ സാമ്പത്തികരംഗത്തെ പരിഷ്‌കാരങ്ങള്‍ ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനും വിദേശനാണ്യശേഖരം ഉയര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. 1985-90 ലെ ഏഴാം പഞ്ചവത്സര പദ്ധതിയും ഇതിനു പ്രേരണയായി.

കാര്‍ഷിക മേഖല

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഏറ്റവും പ്രദാനപ്പെട്ട തൊഴില്‍ മേഖലയായി തുടരുന്നത് കാര്‍ഷികമേഖല തന്നെയാണ്. എന്നാല്‍ കാര്‍ഷികരംഗത്തെ ജി.ഡി.പി.യില്‍ കാലക്രമേണ വലിയ കുറവ് സംഭവിച്ചു. 1950-51 കാലയളവില്‍ ഇന്ത്യന്‍ ജി.ഡി.പി.യുടെ 55.4% സംഭാവന ചെയ്തിരുന്ന കാര്‍ഷികമേഖല 2017-18 ല്‍ 17.4% ആയി കുറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരില്‍ 49% ഇപ്പോഴും ആശ്രയിക്കുന്നത് കാര്‍ഷികവൃത്തിയെയാണ്. 49 ശതമാനം ജനങ്ങള്‍ 17.4 ശതമാനം ജി.ഡി.പി. മാത്രം ഉള്‍ക്കൊള്ളുന്നുവെന്നത് ഇന്ത്യന്‍ സാമ്പത്തികാസമത്വത്തിന്റെ പ്രദാനകാരണങ്ങളിലൊന്നായി നിലനില്‍ക്കുന്നു.

കാര്‍ഷികമേഖലയെ കൂടുതല്‍ പരിപോഷിപ്പിക്കുകയും അസമത്വത്തെ കുറക്കുകയും ചെയ്യാന്‍ വേണ്ടി ഇന്ത്യന്‍ ഭരണഘടന അതിന്റെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഉള്‍ച്ചേര്‍ത്തിരുന്ന ഭൂപരിഷ്‌കരണം എന്ന ആശയത്തെ സാക്ഷാത്കരിക്കുന്നതിലും വലിയ പോരായ്മകളുണ്ടായി. കേരളം, പശ്ചിമബംഗാള്‍, ത്രിപുര, ജമ്മു കാശ്മീര്‍, ആന്ധ്രപ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ഭാഗികമായെങ്കിലും ഭൂപരിഷ്‌കരണം നടന്നത്. ഇത് ആകെ ഭൂമിയുടെ 4% മാത്രമേ വരൂ.

ഹരിതവിപ്ലവം

1960കളുടെ തുടക്കത്തില്‍ ഉണ്ടായ കാര്‍ഷികമേഖലയിലെ ആധുനികവത്കരണവും അതിന്റെ ഭാഗമായുണ്ടായ ഉത്പാദന വര്‍ദ്ധനവിനെയുമാണ് ഹരിത വിപ്ലവം എന്ന് വിളിക്കുന്നത്. തുടക്കത്തില്‍ ഗോതമ്പിന്റെ ഉത്പാദനത്തിലും അടുത്ത പതിറ്റാണ്ടോടെ അരിയുടെ ഉത്പാദനത്തിലും ഇത് 250 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടാക്കി. ഉത്പാദനക്ഷമത കൂടിയ വിത്തിനങ്ങളുടെ ഉപയോഗമായിരുന്നു ഹരിതവിപ്ലവത്തിലെ പ്രധാന സവിശേഷത. അതോടൊപ്പം പുതിയതരം രാസവളങ്ങളും കീടനാശിനികളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

1980കളോടെ ഉത്പാദനവളര്‍ച്ച ഭക്ഷ്യസ്വയംപര്യാപ്തതക്ക് വഴിവെച്ചു. തുടര്‍ന്നുണ്ടായ ഭക്ഷ്യകയറ്റുമതിയിലെ വര്‍ദ്ധനവ് കര്‍ഷകര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കി.

മെയ്ക് ഇന്‍ ഇന്ത്യ

ദേശീയ, അന്തര്‍ദ്ദേശീയ സ്ഥാപനങ്ങളെ, ഇന്ത്യയില്‍ നിര്‍മ്മാണം നടത്താന്‍ പ്രോത്സാഹിപ്പിക്കാന്‍, ഭാരത സര്‍ക്കാര്‍ 2014 ല്‍ തുടങ്ങിയ ഒരു സംരംഭമാണ് മേക്ക് ഇന്‍ ഇന്ത്യ. 2014 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടത്തിയത്. 2015 ആയതോടെ ഇന്‍ഡ്യയില്‍ ഉണ്ടായ വിദേശ നിക്ഷേപത്തിന്റെ അളവ് 63 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അമേരിക്കയെയും ചൈനയെയും മറികടന്നാണ് ഇന്‍ഡ്യ ഇക്കാര്യത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

നോട്ട് നിരോധനം

നോട്ട് നിരോധനം എന്ന വലിയ സാമ്പത്തിക മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിരിക്കുന്നു. 2016 നവംബര്‍ എട്ടിനാണ് നോട്ടു നിരോധനം നിലവില്‍ വന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ കറന്‍സി വിനിമയ രംഗത്ത് നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നത്.

500 ന്റെയും 1000 ന്റെ യും നോട്ടുകള്‍ നിരോധിച്ചതോടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന 86% കറന്‍സിയും അസാധുവാക്കപ്പെട്ടു. 17.97 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് നവംബര്‍ 7ന് പൊതുജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നത് എങ്കില്‍ 2017 ജനുവരി മാസത്തില്‍ അത് 7.8 ലക്ഷം കോടി രൂപയുടെ കറന്‍സിയായി ഇടിഞ്ഞു.

അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഡിജിറ്റല്‍ ഇടപാട് രംഗത്തും കറന്‍സി രംഗത്തും വലിയ മാറ്റമാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നത്.

ജിഎസ്ടി

ഇന്ത്യയില്‍ നടപ്പാക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്‌കാരമാണ് ചരക്കുസേവന നികുതി ( ജിഎസ്ടി). ഉപയോക്താക്കള്‍ക്കിടയിലെ നികുതിവ്യവസ്ഥ സുതാര്യമല്ലാത്തതു കുറച്ചുപേര്‍ നികുതിവ്യവസ്ഥയ്ക്കു പുറത്തു നില്‍ക്കുവാനും, സാധനങ്ങളുടെ വിലവര്‍ദ്ധിക്കുവാനും കാരണമായിരുന്നു. ഇതിനെല്ലാമുള്ള പരിഹാരം എന്നനിലയിലാണ് ചരക്കുസേവനനികുതി വന്നത്.

ദേശീയ, സംസ്ഥാന തലങ്ങളിലായി രണ്ടായിരത്തോളം പരോക്ഷ നികുതികളാണു നിലവിലുള്ളത്. ഇവയ്ക്കെല്ലാം പകരമായി ഏര്‍പ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതിയാണു ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (ജിഎസ്ടി). 2017 മേയ് 18 ന് കൂടിയ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ 98 അധ്യായങ്ങളിലായി 1211 ഇനങ്ങളുടെ ജിഎസ്ടി നികുതി നിരക്ക് നിശ്ചയിച്ചത് ഇതുവരെ പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button