ആയിരം കോഴിക്ക് അര കാടയെന്നാണ് ചൊല്ല്. കാടയുടെ ഉയർന്ന പോഷകമൂല്യം കാരണമാണ് ഇങ്ങനെയൊരു ചൊല്ല് തന്നെയുണ്ടായത്. ദിവസവും കാടമുട്ട കഴിക്കുന്നത് ശീലമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങളുണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രതിദിനം ആറ് കാടമുട്ടകൾ വരെ കഴിക്കാമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇവ ഭക്ഷണക്രമത്തിൽ പതിവാക്കിയാലുള്ള ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം..
കാടമുട്ട പ്രോട്ടീനാൽ സമ്പന്നമായ ഒരു പദാർത്ഥമാണ്. ശരീരത്തിലെ നിരവധി പ്രക്രിയകൾക്ക് ആവശ്യമായി വേണ്ടുന്ന ഒന്നാണ് പ്രോട്ടീൻ. അമിനോ ആസിഡുകൾ എന്ന് വിളിക്കപ്പെടുന്ന ‘ബിൽഡിംഗ് ബ്ലോക്കുകൾ’ കൊണ്ടാണ് പ്രോട്ടീനുകൾ നിർമ്മിച്ചിരിക്കുന്നത്. നമ്മുടെ ശരീരം ഈ അമിനോ ആസിഡുകളെ ഉപയോഗിച്ച് പേശികളെയും എല്ലുകളെയും മെച്ചപ്പെടുത്തുന്നു. ഇതുവഴി ആരോഗ്യമുണ്ടാകുന്നു.
വളർച്ചയ്‌ക്കും വികാസത്തിനും ആവശ്യമായ ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുകയും ചുവന്ന രക്താണുക്കൾ ഇല്ലാതാകുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് അനീമിയ. ഇതുമൂലം ശ്വാസം മുട്ടൽ അനുഭവപ്പെടുകയോ ശരീരത്തിന് വേണ്ടുന്ന ഊർജ്ജം ഇല്ലാതാകുകയോ ചെയ്‌തേക്കാം. കാടമുട്ടയിൽ ഇരുമ്പിന്റെ അംശം വേണ്ടുവോളം ഉള്ളതിനാൽ അനീമിയ അഥവാ വിളർച്ചയ്‌ക്കുള്ള സാധ്യത കുറയുന്നു.
കാടമുട്ടയിൽ ശരീരത്തിനാവശ്യമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ 60 ശതമാനവും നല്ല കൊളസ്‌ട്രോളാണ്. അതിനാൽ ശരീരത്തിലെത്തിയ ചീത്ത കൊളസ്‌ട്രോളിന്റെ പ്രത്യാഘാതങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു.
കടുത്ത മലിനീകരണവും വിഷവസ്തുക്കളും നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി. അതിനാൽ, പ്രതിദിനം നമ്മുടെ ശരീരത്തിലേക്ക് വിഷാംശം കയറുന്നു. ദിവസവും കാടമുട്ട കഴിക്കുന്നതിലൂടെ ശരീരത്തിലേക്ക് ഇത്തരത്തിൽ പ്രവേശിച്ചിരിക്കുന്ന വിഷാംശം കുറയുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
കാടമുട്ടയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ചു ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Post Your Comments