അഴിമതിക്കാരായ രാഷ്ട്രീയക്കാരുമായി കൈകോർക്കുന്നു എന്ന് പഴികേൾക്കുന്നവരാണ് പോലീസുകാർ. മുൻകാലങ്ങളിൽ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആരോപണം പൊതുവെ ഉയരുന്നത്. ഈ ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് തെളിയിച്ച നിരവധി പോലീസുകാരുമുണ്ട്. സത്യത്തിന് വേണ്ടി, ശരിയുടെ ഭാഗം നിന്നവർ. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ രാജ്യത്തെ പ്രഗത്ഭരായ ഐ.പി.എസ് ഉദ്യോഗസ്ഥരെ മറക്കുന്നതെങ്ങനെ? ഒന്നിനെയും ഭയപ്പെടാത്ത ഇന്ത്യയിലെ പ്രശസ്തരായ ഐ.പി.എസ് ഉദ്യോഗസ്ഥരെ പരിചയപ്പെടാം.
1. ശിവദീപ് ലാൻഡെ
2006 ൽ ആണ് ഇദ്ദേഹം സർവീസിൽ വന്നത്. വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾ വിൽക്കുന്നവർ മുതൽ, മരുന്ന് മാഫിയ വരെയുള്ള ആളുകളെ ഇദ്ദേഹം പിടികൂടിയിട്ടുണ്ട്. ഇത്തരക്കാരുടെ പേടിസ്വപ്‌നമാണ് ശിവദീപ് ലാൻഡെ. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുന്ന സാമൂഹിക സംഘടനകൾക്ക് ശിവദീപ് തന്റെ ശമ്പളത്തിന്റെ 60% സംഭാവന നൽകുന്നുണ്ട്. പട്‌നയിൽ ശിവദീപ് ലാൻഡെയെ നിയമിച്ചപ്പോൾ അയാൾ കുറ്റവാളികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു.
പ്രത്യേകിച്ച് ഗുണ്ടകളോടുള്ള സമീപനം. ഗുണ്ടകളെ സമാധാനത്തോടെ വെച്ചുപൊറുപ്പിക്കാൻ അദ്ദേഹം വിട്ടില്ല. കോളേജിലെയും സ്കൂളിലെയും പെൺകുട്ടികൾക്കിടയിൽ ഒരു നായക പ്രതിച്ഛായ തന്നെയായിരുന്നു ശിവദീപിന് ഉണ്ടായിരുന്നത്. പെൺകുട്ടികളെ ശല്യം ചെയ്യുന്നവരെ ഒരു പാഠം പഠിപ്പിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പെൺകുട്ടികൾക്ക് അദ്ദേഹം തന്റെ സ്വകാര്യ മൊബൈൽ നമ്പർ നൽകി. ഏത് സമയത്തും, ഏതാക്രമണത്തിലും വിളിക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. തലസ്ഥാനത്തെ തെരുവുകളിൽ നിന്നും ഗുണ്ടകൾ ക്രമേണ തുടച്ചുനീക്കപ്പെട്ടു.
2. സച്ചിൻ അതുൽക്കർ
മധ്യപ്രദേശിലെ ഭോപ്പാലിൽ ജനിച്ച സച്ചിൻ അതുൽക്കർ 22-ാം വയസ്സിൽ ഐ.പി.എസ് ഉദ്യോഗസ്ഥനായി. 1999-ൽ സച്ചിൻ ദേശീയ തലത്തിൽ ക്രിക്കറ്റ് കളിച്ച് സ്വർണ മെഡൽ നേടിയിട്ടുണ്ട്. കുതിര സവാരിയിൽ ഒരു വിദഗ്ദ്ധൻ ആണ്. പതിവ് പോലീസുകാരിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു സ്വഭാവത്തിന്റെ ഉടമയാണ് അദ്ദേഹം. നിരവധി സാമൂഹിക ഒത്തുചേരലുകളിലേക്ക് അദ്ദേഹത്തിന് ക്ഷണം കിട്ടിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
3. മനു മഹാരാജ്
ബിഹാറിലെ ‘സൂപ്പർകോപ്പ്’ എന്നറിയപ്പെടുന്ന 2005 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ മനു മഹാരാജ് ദശലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമാണ്. മനു മഹാരാജ് തന്നെ വിവിധ ജില്ലകളിലായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗയ ജില്ലയിൽ ജോലി ചെയ്യുന്ന സമയത്ത് നക്സലൈറ്റുകൾക്കെതിരെ നിരവധി ഓപ്പറേഷനുകൾ നടത്തി. ഹിമാചൽ പ്രദേശ് സ്വദേശിയാണ് മഹാരാജ്. ഷിംലയിൽ ആദ്യകാല പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് ഐഐടി റൂർക്കിയിൽ നിന്ന് ബിടെക് ചെയ്തു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷമാണ് ഐ.പി.എസ് മോഹം ഉദിക്കുന്നത്.
4. സഞ്ജുക്ത പരാശർ
അസമിലെ ‘ഉരുക്കു വനിത’ എന്നറിയപ്പെടുന്ന സഞ്ജുക്ത പരാശർ 16 തീവ്രവാദികളെ വീഴ്ത്തിയ ധീരയായ ഉദ്യോഗസ്ഥയാണ്. 15 മാസത്തിനിടെ അസമിലെ നിരവധി തീവ്രവാദികളെ ജീവനോടെ പിടികൂടുകയും, ടൺ കണക്കിന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. ഉദൽഗുരിയിൽ ബോഡോകളും അനധികൃത ബംഗ്ലാദേശി തീവ്രവാദികളും തമ്മിൽ നടന്ന വംശീയ കലാപം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഇവർക്കായിരുന്നു. ഭീകരാക്രമണ മേഖലയായ സോനിത്പൂർ ജില്ലയിൽ എകെ 47 ഉപയോഗിച്ച് സിആർപിഎഫ് സൈനികരുടെ സംഘത്തിന് നേതൃത്വം നൽകി. തീവ്രവാദികളിൽ ഏറ്റവും ഭയക്കുന്ന പോലീസ് ഓഫീസർമാരിൽ ഒരാളായി അവർ മാറി.
5. സംഗീത കാലിയ
2016 നവംബറിൽ, ഹരിയാനയിലെ ഫത്തേഹാബാദിൽ നിയമിക്കപ്പെട്ട സംഗീത കാലിയ കാബിനറ്റ് മന്ത്രി അനിൽ വിജിനുമായി കൊമ്പുകോർത്തു. പോലീസ് സംരക്ഷണം ഉള്ളതുകൊണ്ടാണ് കള്ളക്കടത്ത് നടക്കുന്നതെന്ന് മദ്യക്കടത്തുമായി ബന്ധപ്പെട്ട യോഗത്തിൽ മന്ത്രി ആരോപിച്ചപ്പോൾ മന്ത്രിയുടെ വാദത്തെ സംഗീത തള്ളി. ഇതോടെ മന്ത്രി ഇവരോട് കയർത്തു. ദേഷ്യത്തിൽ അവളോട് ‘പുറത്തു പോകൂ’ എന്ന് പറഞ്ഞു. എന്നാൽ, മന്ത്രിയുടെ ഉത്തരവിന് വഴങ്ങാൻ സംഗീത തയ്യാറായില്ല. പകരം അവർ മന്ത്രിക്ക് മറുപടി നൽകി.
‘ഞങ്ങൾ അവർക്കെതിരെയെല്ലാം നടപടിയെടുക്കുണ്ട്. 2,500 കേസുകൾ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ പലരും ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും കള്ളക്കടത്തിൽ ഏർപ്പെടുന്നു’, സംഗീത മന്ത്രിയോട് പറഞ്ഞു. മന്ത്രിക്ക് മുന്നിൽ തലകുനിക്കാതെ മറുപടി നൽകിയ സംഗീത വാർത്തകൾ ഇടംപിടിച്ചു.
എന്നാൽ, പിന്നീട് കാലിയയെ സ്ഥലം മാറ്റി. ഫത്തേഹാബാദ്, രേവാരി, പാനിപ്പത്ത് എന്നിവിടങ്ങളിലെ പോസ്റ്റിംഗുകളിൽ, സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ശക്തമായ പോലീസ് പൊതുബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമായി അവർ വിവിധ പുതിയ സംരംഭങ്ങൾ ആരംഭിച്ചു. അവളുടെ പരിപാടികൾക്ക് ആളുകളിൽ നിന്ന് വൻ പ്രതികരണമാണ് അവൾക്ക് ലഭിച്ചത്. സത്യസന്ധതയ്ക്ക് പേരുകേട്ട അവർ മികച്ച ഐപിഎസ് ഓഫീസർമാരിൽ ഒരാളാണ്.
Post Your Comments