കൊച്ചി: ദേശീയപാതയിലെ കുഴിയടക്കല്‍ ആരംഭിച്ചു. ദേശീയ പാതയിലെ കുഴിയില്‍ വീണ് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി അടിയന്തര ഇടപെടല്‍ നടത്തിയതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റി നടപടി ആരംഭിച്ചത്. അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദ്ദേശം നല്‍കിയത്. വീട്ടില്‍ നിന്ന് പോകുന്നവര്‍ മടങ്ങിയെത്തുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയിലാണ് റോഡുകളുടെ കാര്യമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം ദേശീയ പാതയിലെ കുഴികളെ കുറിച്ച് പ്രതികരിച്ചിരുന്നു. എത്ര ജീവന്‍ നഷ്ടപ്പെട്ടാലാണ് റോഡുകള്‍ സഞ്ചാരയോഗ്യമാക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.
പാക്കറ്റിലാക്കിയ ടാര്‍ മിക്‌സ് കൊണ്ടുവന്ന് കുഴികളിലിട്ട് കൈക്കോട്ട് കൊണ്ട് തട്ടിയുറപ്പിക്കുക മാത്രമാണ് ചെയ്തത്. നേതൃത്വം നല്‍കാന്‍ ആരുമില്ലാതെയാണ് പണി പുരോഗമിക്കുന്നതെന്ന ആരോപണവും ഉയർന്നു. അതിഥി തൊഴിലാളികള്‍ മാത്രമാണ് ജോലിക്കായി ഉള്ളത്. കരാര്‍ കമ്പനിക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ കൂടെയില്ല.
ഇത്തരത്തില്‍ ഒരു അറ്റകുറ്റപ്പണി കൊണ്ട് പ്രയോജനമില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. നിരന്തരം അപകടം നടക്കുന്ന മേഖലകളില്‍ കുറെക്കൂടി ശാസ്ത്രീയമായ കുഴിയടക്കല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments