കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ‘ദേശീയ പാതയിലും പി.ഡബ്ല്യു.ഡി റോഡുകളിലുമുള്ള കുഴികളെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരിഹാസമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറവ് കുഴികളാണ് ഈ ജൂലൈയില്‍ ഉള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. റോഡുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റേത് നിരുത്തവാദപരമായ സമീപനമാണ്. ഗ്യാരന്റിയുള്ള റോഡുകളുടെ അറ്റകുറ്റപ്പണി കരാറുകാരെക്കൊണ്ട് ചെയ്യിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ദേശീയപാത അതോറിട്ടിയിലെ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും പൊതുമരാമത്ത് വകുപ്പില്‍ ഉള്ളവര്‍ തന്നെയാണ്’, പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
Read Also: ഹെൽമെറ്റിൽ ക്യാമറ വച്ച കുറ്റത്തിന് തൂക്കി കൊന്നേക്കണം: പരിഹാസവുമായി സന്ദീപ് ജി വാര്യർ
‘ടോള്‍ വാങ്ങുന്ന റോഡിലാണ് അപകട മരണം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാന്‍ തൃശൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. റോഡ് നന്നാക്കാതെ ടോള്‍ പിരിക്കുന്നത് അനുവദിക്കാനാകില്ല. നികുതി പോലെയല്ല ടോള്‍ പിരിവ്. റോഡുകളില്‍ നല്‍കുന്ന സൗകര്യത്തിനാണ് ടോള്‍ നല്‍കുന്നത്. റോഡ് നന്നാക്കാതെയുള്ള ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണം. ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് തൃശൂര്‍, എറണാകുളം കളക്ടര്‍മാരോട് ആവശ്യപ്പെടും’, വി.ഡി സതീശന്‍ പറഞ്ഞു.
Post Your Comments