ഗാസ: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ കുട്ടികളടക്കം നിരവധി മരണം. ഇതുവരെ 15ഓളം പേർ കൊല്ലപ്പെടുകയും 200ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ് മരണത്തിന് കീഴടങ്ങിയത്. റഫയിലും ജബലിയയിലുമാണ് പ്രധാനമായി ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത്. പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് മതിയായ ചികിത്സ സൗകര്യം പോലും ലഭിക്കുന്നില്ലെന്നും ആരോപണമുയർന്നു.
അതേസമയം, തൈസീർ ജാബിരിക്കു പിന്നാലെ, ഇസ്‌ലാമിക് ജിഹാദിന്റെ മറ്റൊരു പ്രധാന നേതാവിനെ കൂടി വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. എന്നാൽ, ഇസ്‌ലാമിക് ജിഹാദ് ഇസ്രായേലിന്റെ അവകാശവാദം തള്ളി. ഗാസ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് നേരെയും ആക്രമണങ്ങളുണ്ടായി. രാത്രിയിൽ നിരവധി റോക്കറ്റുകളാണ് ഇസ്രായേലിനെ ആക്രമിച്ചത്. രണ്ടു റോക്കറ്റുകൾ തലസ്ഥാനമായ ടെൽ അവീവിന് നേർക്കുമെത്തി.
Read Also: ഇന്ത്യയിൽ 25 വിമാനത്താവളങ്ങളിൽ രാത്രിയിൽ ലാൻഡ് ചെയ്യുന്നതിനുള്ള സൗകര്യമില്ല
ഗാസയിലെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് യു.എൻ മനുഷ്യാവകാശ സമിതി അഭിപ്രായപ്പെട്ടു. സിവിലിയന്മാരുടെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടാകുന്നത്. അതേസമയം, ഒരാഴ്ച കൂടി വ്യോമാക്രമണം തുടരാൻ ഇന്നലെ രാത്രി ചേർന്ന ഇസ്രയേൽ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പലസ്തീൻ സംഘടനകളുമായി ചർച്ചക്കില്ലെന്നും ഇസ്രായേൽ അറിയിച്ചു.
Post Your Comments