
കൊച്ചി: നെടുമ്പാശ്ശേരിയിലെ അപകടമരണത്തില്‍ ദേശീയപാത അതോറിറ്റിയെ കുറ്റപ്പെടുത്തി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കുഴികള്‍ അടയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്നും കരാറുകാരെകൊണ്ട് ചെയ്യിപ്പിക്കുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി കരാറുകാരെ ഭയക്കുന്നുവെന്ന് ആരോപിച്ച മന്ത്രി, മുഖം നോക്കാതെ നടപടി വേണമെന്നും കേരളത്തിലെ കേന്ദ്രമന്ത്രി അതിനായി മുൻകൈയെടുക്കണമെന്നും ആവശ്യപ്പെട്ടു.
കരാറുകാര്‍ക്ക് ഹുങ്കും നിഷേധാത്മക സമീപനവുമാണെന്നും മന്ത്രി പറഞ്ഞു. കുഴിയില്‍വീണ് വാഹനത്തിന്റെ അടിയിൽപ്പെട്ട ബൈക്ക് യാത്രികന്‍ മരിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ദേശീയപാതയിലെ കുഴിയടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിന് പറ്റില്ലെന്നും മന്ത്രി പറഞ്ഞു. റവൂർ മാഞ്ഞാലി മനയ്‌ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ. ഹാഷിമാണ് മരിച്ചത്. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്‌കൂളിന് സമീപത്താണ് സംഭവം. അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’ ഉടമയാണ്.
ഇന്നലെ രാത്രിയോടെയാണ് സംഭവം. ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10.20 ഓടെയായിരുന്നു അപകടം. സ്‌കൂളിന് സമീപത്തെ വളവിലുള്ള കുഴിയിൽ വീണ സ്‌കൂട്ടറിൽ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കനത്ത മഴയായത് കൊണ്ട് തന്നെ വെള്ളം കെട്ടിക്കിടന്നതിനാൽ കുഴി കാണാനായില്ല.
പുറകെ വന്ന വാഹനം ഹാഷിമിന്റെ ദേഹത്ത് കൂടി കയറിയിറങ്ങി. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു. ഹാഷിമിനെ ഇടിച്ച വാഹനം നിർത്താതെ പോയി. വാഹനത്തിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ദേശീയ പാതയിൽ ടാറിംഗ് പൂർത്തിയാക്കിയ ശേഷം രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്.
Post Your Comments