Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Independence DayLatest NewsIndia

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നാ‌ട്: ദൈവത്തിന്റെ സ്വന്തം പൂന്തോട്ടമായ ഈ ഗ്രാമത്തിൽ 100% സാക്ഷരതയും

‘ദൈവത്തിന്‍റെ സ്വന്തം പൂന്തോട്ടം’ എന്ന് അറിയപ്പെടുന്ന ഒരു നാടുണ്ട് ഇന്ത്യയില്‍. ഏതാണ് എന്ന് അറിയുമോ? മേഘാലയിലെ ഈസ്റ്റ് ഖാസി ജില്ലയിലുള്ള മൌലിനോങ്. 2003 -ല്‍ ഡിസ്കവറി ഇന്ത്യ, ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി മൌലിനോങ്ങിനെ തെരഞ്ഞെടുത്തിരുന്നു. 2005 -ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ​ഗ്രാമമായും മൗലിനോങ് തെരഞ്ഞെടുക്കപ്പെട്ടു. തീര്‍ന്നില്ല, സാക്ഷരതയുടെ കാര്യത്തിലും സ്ത്രീശാക്തീകരണത്തിന്‍റെ കാര്യത്തിലും കൂടി ഗംഭീരമാണ് ഈ ഗ്രാമം.

നൂറുശതമാനം സാക്ഷരത നേടിയ ഗ്രാമമാണ് മൌലിനോങ്. ഇവിടുത്തെ വീടുകൾക്കുമുണ്ട് പ്രത്യേകത. പ്രകൃതിസൗഹാര്‍ദ്ദത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇവിടുത്തുകാര്‍ക്കില്ല. അവരുടെ വീടുകള്‍ മുളകൊണ്ടും തടികൊണ്ടുമാണ് പ്രധാനമായും ഉണ്ടാക്കിയിരിക്കുന്നത്. സാധാരണയായി നമ്മൾ വൃത്തിയുടെ കാര്യത്തിൽ എന്താണ് ചെയ്യാറ്? വീടും പരിസരവും വൃത്തിയാക്കും അല്ലേ? എന്നാല്‍, ഇവിടുത്തുകാര്‍ അവരുടെ വീടിനോടൊപ്പം തന്നെ ഗ്രാമത്തിലെ ഓരോ വഴികളും വൃത്തിയാക്കും. മാലിന്യങ്ങളിടാന്‍ മുളകൊണ്ടുള്ള പ്രത്യേകം കുട്ടകളും ഇവിടെ കാണാം.

സ്ത്രീശാക്തീകരണത്തിന് പേരുകേട്ട ഇവിടെ കുട്ടികള്‍ക്കൊപ്പം ചേര്‍ക്കുന്നത് ഭൂരിഭാ​ഗം നാട്ടിലും ഉള്ള പോലെ അച്ഛന്റെ പേരല്ല. മറിച്ച് അമ്മയുടെ പേരാണ്. നൂറില്‍ താഴെ മാത്രം ആളുകളാണ് ഈ ​ഗ്രാമത്തിൽ താമസിക്കാരായി ഉള്ളത്. നേരത്തെ ആയിരത്തിനടുത്ത് ആളുകൾ താമസിച്ചിരുന്നു എങ്കിലും ഏറെ വർഷങ്ങൾക്ക് മുമ്പുണ്ടായ കോളറബാധയെ തുടർന്ന് ഒട്ടേറെപ്പേർ മരിക്കുകയായിരുന്നു.

ഈ ഗ്രാമം കാണാനെത്തുന്നവരെ ആകര്‍ഷിക്കുന്ന വേറെയും കാഴ്ചകളുണ്ട് ഇവിടെ. നിരവധി മരങ്ങളും മരങ്ങളുടെ വേരുകള്‍ കെട്ടുപിണഞ്ഞ പാലവും ഒക്കെ ഇവിടുത്തെ അതിമനോഹരമായ കാഴ്ചകളാണ്. നിരവധി പേരാണ് ഈ കാഴ്ചകള്‍ കാണാന്‍ ഇവിടെ എത്താറ്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഷില്ലോങിൽ നിന്നും 90 കിലോമീറ്റർ അകലെയായിട്ടാണ് മൗലിനോങ് സ്ഥിതി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button