ജവഹർലാൽ നെഹ്റു
ആധുനിക ഇന്ത്യയുടെ ശില്പി എന്ന് വിളിക്കുന്ന സ്വാതന്ത്ര്യസമര സേനാനിയായ ജവഹർലാൽ നെഹ്റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണ്. ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന സ്വാതന്ത്ര്യ സമര നേതാവാണ് നെഹ്‌റു. രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നെഹ്രു, രാജ്യാന്തര തലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധ നേടി. മഹാത്മ ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ നെഹ്‌റു ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ദർശനങ്ങളാണ് നാലു പതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിന്റെ ഏക മകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ് ഗാന്ധിയും പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുണ്ട്.
ഇന്ദിരാ ഗാന്ധി
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ പുത്രിയാണ് ഇന്ദിര പ്രിയദർശനി അഥവാ ഇന്ദിരാ ഗാന്ധി. ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി സ്ഥാനം ഇവർ അലങ്കരിച്ചിരുന്നു. 1966-77 കാലഘട്ടത്തിലും, പിന്നീട് 1980 മുതൽ മരണം വരെയും നാലു തവണ ഇന്ത്യൻ പ്രധാനമന്ത്രി പദം അലങ്കരിച്ച ഇന്ദിര, നെഹ്റുവിനു ശേഷം ഏറ്റവും കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ്. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിര. 1971-ൽ, ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ച യുദ്ധത്തോടെ ബംഗ്ലാദേശ് എന്ന രാഷ്ട്രം രൂപീകരിക്കപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായ 1975 മുതൽ 77 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലത്ത് ഏകാധിപതിയുടെ ഭരണമാണ് ഇന്ദിരാ ഗാന്ധി കാഴ്ചവച്ചത്. എങ്കിലും, ചങ്കൂറ്റത്തിന്റെയും കാർക്കശ്യത്തിന്റെയും പ്രതിരൂപമായാണ് ഇന്ദിരാ ഗാന്ധി അറിയപ്പെടുന്നത്. സിഖുകാരുടെ ഏറ്റവും പ്രധാന ആരാധനാലയമായ സുവർണ ക്ഷേത്രത്തിൽ സൈനിക ഓപ്പറേഷൻ നടത്തിയ നടപടിയുടെ പരിണിതഫലമായി ഇന്ദിര സിഖ് വംശജരുടെ അപ്രീതിക്ക് പാത്രമായി. ഇതിന്റെ തുടർച്ചയായി സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരുടെ തന്നെ വെടിയേറ്റ് 1984 ഒക്ടോബർ 31 ന് ഇവർ മരണമടഞ്ഞു.
പി.വി നരസിംഹ റാവു
പാമൂല പാർഥി വെങ്കിട്ട് നരസിംഹറാവു, അഥവാ പി.വി നരസിംഹറാവു ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രിയാണ്. നിരവധി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന ഇദ്ദേഹം രാഷ്ട്രീയത്തിലെ ചാണക്യൻ എന്നറിയപ്പെടുന്നു. ഭൂരിപക്ഷം തീരെ കുറഞ്ഞ ഒരു മന്ത്രിസഭയെ തന്ത്രങ്ങളിലൂടെയും, അനുനയിപ്പിക്കലുകളിലൂടെയും നയിക്കുക വഴിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യൻ എന്ന പേര് ഇദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യയിലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പിതാവ് എന്നും ഇദ്ദേഹം പരാമർശിക്കപ്പെടാറുണ്ട്. നരസിംഹറാവു തുടങ്ങിവെച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് പിന്നീട് വന്ന പ്രധാനമന്ത്രിമാർ പിന്തുടർന്നത്. ഒരു രാഷ്ട്രീയ പാരമ്പര്യം ഇല്ലാതിരുന്നിട്ടും തകർച്ചയിലായ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ രക്ഷിക്കാനായി സാമ്പത്തിക വിദഗ്ധനായ മൻമോഹൻ സിംഗിനെ സാമ്പത്തിക വകുപ്പ് മന്ത്രിയാക്കിയത് റാവുവാണ്. നെഹ്റു മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹം മകളായ ഇന്ദിരാ ഗാന്ധിയുടെ അടുത്തയാളുമായിരുന്നു. പ്രവർത്തിപരിചയമാണ് യഥാർത്ഥത്തിൽ ഇദ്ദേഹത്തെ പ്രധാനമന്ത്രി പദം വരെ എത്തിച്ചത്.
അടൽ ബിഹാരി വാജ്പേയ്
ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയാണ് അടൽ ബിഹാരി വാജ്പേയ്. ഭാരതീയ ജനതാ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം മൂന്ന് തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16ന് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. 1999-ൽ നടന്ന കാർഗിൽ യുദ്ധത്തിലെ ജയം, ബിജെപി സർക്കാരിന്റെ യശസ്സ് വാനോളമുയർത്തി. ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷമുള്ള അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിനുള്ള സുപ്രധാന നാഴികക്കല്ലായി. ചൈനയുമായി പുതിയ വാണിജ്യബന്ധങ്ങൾക്കും അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനും വാജ്‌പേയ് സർക്കാർ ധാരണയായി. പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇസ്രായേൽ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായും കരാറുകളിൽ ഏർപ്പെട്ടു. 2004-ലെ പൊതുതിരഞ്ഞെടുപ്പ് വരെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് തുടർന്നു. വൃക്കസംബന്ധമായ രോഗങ്ങൾ കാരണം ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷം, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വച്ച് 2018 ഓഗസ്റ്റ് 16-ന് വൈകുന്നേരം 5.05ന് വാജ്‌പേയ് അന്തരിച്ചു.
നരേന്ദ്ര മോദി
ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി. ഗുജറാത്ത് സ്വദേശിയായ ഇദ്ദേഹം, ഗുജറാത്തിൽ ബിജെപി ശക്തി പ്രാപിച്ചതിന്റെ പ്രധാന സൂത്രധാരനാണ്. ഇദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദിയുമായി എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചിരുന്ന ബ്രിട്ടൺ, ഒക്ടോബർ 2012 മുതൽ വിലക്കു നീക്കി മോദിയുമായി ബന്ധം പുലർത്തിത്തുടങ്ങി. ബ്രിട്ടീഷ് ഹൈകമ്മീഷണർ മോദിയെ ഗാന്ധിനഗറിൽ ചെന്നു കണ്ടു ചർച്ച നടത്തുന്നതു വരെ കാര്യങ്ങൾ എത്തി. 2014-ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്രമോദി, മറ്റുള്ള രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയ്ക്ക് ശക്തമായ ഒരു പ്രതിച്ഛായ സൃഷ്ടിച്ചു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും കനത്ത തിരിച്ചടി നൽകിയതോടെ, ശക്തമായ രാഷ്ട്രങ്ങളുടെ നിരയിലേക്ക് ഭാരതം ഉയർന്നു. 2019-ൽ നടന്ന തെരഞ്ഞെടുപ്പിലും മികച്ച വിജയം കൊയ്ത് മോദിസർക്കാർ ഏഴു ദശാബ്ദങ്ങളായി നിലനിന്നിരുന്ന കശ്മീരിന്റെ വിശേഷാധികാരങ്ങൾ എടുത്തു മാറ്റി.
Post Your Comments