പേരാമ്പ്ര: കോഴിക്കോട്ട് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇര്‍ഷാദ് മരിച്ചതായി സ്ഥിരീകരിച്ച് റൂറൽ എസ്പി ആർ. കറപ്പസാമി. ഡി.എന്‍.എ. പരിശോധനാറിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സ്വര്‍ണക്കടത്ത് തട്ടിക്കൊണ്ടു പോകല്‍ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. തട്ടിക്കൊണ്ടു പോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയത്തിന്റെ തുടര്‍ച്ചയായാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്.
ജൂലായ് 17-നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്. കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ. പരിശോധനാഫലം കഴിഞ്ഞദിവസം ലഭിച്ചപ്പോള്‍ ബന്ധമില്ലെന്ന സൂചനയാണ് ലഭിച്ചിരുന്നത്. ഇതോടെയാണ് മൃതദേഹം ഇര്‍ഷാദിന്റേതാണോ എന്ന് പരിശോധിക്കാന്‍ പോലീസ് തീരുമാനിക്കുന്നത്. ഇര്‍ഷാദ് പുറക്കാട്ടിരിഭാഗത്ത് പുഴയിലേക്ക് ചാടിയതായി കസ്റ്റഡിയിലെടുത്തയാള്‍ പോലീസിനോട് പറഞ്ഞിരുന്നു.
ജൂലായ് 15-ന് കാറിലെത്തിയ അഞ്ചംഗസംഘത്തിലെ രണ്ടു യുവാക്കള്‍ പുറക്കാട്ടിരി പാലത്തിന് താഴെ എത്തിയിരുന്നതായി നേരത്തേതന്നെ ദൃക്‌സാക്ഷികളുടെ മൊഴിയുണ്ട്. ഒരാള്‍ പുഴയിലേക്ക് വീണതോടെ മറ്റുള്ളവര്‍ കാറില്‍ രക്ഷപ്പെടുന്നത് തൊഴിലാളികള്‍ കണ്ടിരുന്നു. അന്ന് ഇക്കാര്യത്തില്‍ എലത്തൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. കേസിൽ വയനാട് സ്വദേശി ഷെഹീല്‍, ജിനാഫ് എന്നിവർ അറസ്റ്റിലായി. കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റും ഉടനുണ്ടാകും. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍.
Post Your Comments