ലഖ്‌നൗ: യു.എ.പി.എ കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ഭാര്യ റൈഹാനത്ത്. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും, സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും റൈഹാനത്ത് വ്യക്തമാക്കി. ഓരോ വാതിലും മുട്ടുകയാണ്. നീതി ലഭിക്കും വരെ ശ്രമം തുടരുമെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജാമ്യ ഹർജി തള്ളിയ ഹൈക്കോടതി ചില നിരീക്ഷണങ്ങളും നടത്തി. സിദ്ദിഖ് കാപ്പന് മാധ്യമ പ്രവർത്തകൻ എന്ന പരിഗണ നൽകാനാകില്ലെന്ന് ജാമ്യ ഹർജി തള്ളി ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരന് ഹത്രാസിൽ ജോലിയില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു കോടതി കണ്ടെത്തി. താൻ ഒരു പത്രപ്രവർത്തകനാണെന്നും തന്റെ പ്രൊഫഷണൽ ഡ്യൂട്ടിയുടെ ഭാഗമായാണ് ഹത്രാസ് സന്ദർശിക്കാൻ ആഗ്രഹിച്ചതെന്നും സിദ്ദിഖ് കാപ്പൻ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. സിദ്ദിഖ് കാപ്പൻ നിരപരാധിയാണെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും സിദ്ദിഖ് കാപ്പന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു.
നിരോധിത സംഘടനയായ സിമിയുടെ അജണ്ട പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് സിദ്ദിഖ് കാപ്പനെതിരെ കർശനമായ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. താൻ നിരപരാധിയാണെന്നും കുറ്റക്കാരനല്ലെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ദിഖ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചേക്കും.
Post Your Comments