കൊളംബോ: ശ്രീലങ്കയിലെ പ്രതിസന്ധികളിൽ ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത പെൺകുട്ടികളാണ് ഏറെ കഷ്ടതയിൽ കഴിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അവരെ നയിച്ചത് വേശ്യാവൃത്തിയിലേക്ക് ആണ്. സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിലാണ് കൊളംബോയിൽ കൂടുതലായും ലൈംഗികത്തൊഴിൽ നടക്കുന്നതെന്ന് ഒരു രാജ്യാന്തര മാധ്യമം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. കൊളംബോയിലെ സ്പാകളുടെയും മസാജ് കേന്ദ്രങ്ങളുടെയും മറവിൽ ലൈംഗികത്തൊഴിൽ നടക്കുന്നുണ്ടെന്ന് അധികൃതർക്ക് അറിയാമെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ല.
സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരിൽ ഏറെയും. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ, വിജനമായ റോഡരികുകളിലും മറ്റും ഇടപാടുകാരെ പ്രതീക്ഷിച്ചു നിൽക്കുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ഇഷ്ടമല്ലെങ്കിലും ലൈംഗികത്തൊഴിലിനിറങ്ങിയതെന്ന് ചിലർ പറയുന്നു.
നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക പ്രതിസന്ധി വന്നതോട് കൂടി ജോലി നഷ്ടമായി. ഇത്തരത്തിൽ കുടുംബത്തെ പോറ്റാനുള്ള വഴി അടഞ്ഞവരാണ് വേശ്യാവൃത്തിയിലേക്ക് കടക്കുന്നത്. ജോലി നഷ്ടമായതോടെ ടെക്‌സ്‌റ്റൈൽ രംഗത്തു പ്രവർത്തിക്കുന്ന നിരവധി പെൺകുട്ടികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുത്തതായി ശ്രീലങ്കൻ മാധ്യമം ‘ദ് മോണിങ്’ റിപ്പോർട്ട് ചെയ്തു. കുടുംബം പട്ടിണിയായതോടെയാണ് ഇഷ്ടമില്ലാഞ്ഞിട്ടും യുവതികളും പെൺകുട്ടികളും കൂട്ടത്തോടെ ലൈംഗിക തൊഴിലിലേക്ക് തിരിഞ്ഞത്.
‘കഴിഞ്ഞ ഡിസംബറിലാണ് മില്ലിലെ ജോലി നഷ്ടമായത്. ദിവസക്കൂലിക്കു ജോലിയെടുത്തായിരുന്നു പിന്നീടുള്ള ജീവിതം. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് ഒരു സ്പാ ഉടമ എന്നെ സമീപിച്ചു. അയാൾക്കു വേണ്ടത് എന്റെ ശരീരമായിരുന്നു. എനിക്ക് അയാളോടു ‘നോ’ പറയണമെന്നുണ്ടായിരുന്നു. മാന്യമായി ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള സാഹചര്യം ഇന്ന് ശ്രീലങ്കയിൽ ഇല്ല. എനിക്കും കുടുംബത്തിനും ജീവിക്കാൻ പണം വേണം. അതിനായി ശരീരം വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.’ ലൈംഗിക തൊഴിലിനിറങ്ങിയ രെഹാന പറയുന്നു.
പെട്ടെന്ന് പണം ഉണ്ടാക്കാൻ കഴിയുന്നതിനാലും മറ്റു വഴികൾ ഇല്ലാത്തതിനാലും താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ പെൺകുട്ടികളാണ് ഇത്തരം തൊഴിലിൽ കൂടുതൽ എത്തിച്ചേരുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു പണം കണ്ടെത്താനും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനും ചില പെൺകുട്ടികൾ ലൈംഗികത്തൊഴിൽ തിരഞ്ഞെടുക്കുന്ന പ്രവണത കൂടി വരികയാണ്. 30,000 ത്തിൽ താഴെ ശമ്പളം കിട്ടിയിരുന്നവർക്ക് ഇപ്പോൾ രണ്ടുദിവസം കൊണ്ട് 30,000 രൂപ സമ്പാദിക്കാനാവുന്നു എന്നാണ് മറ്റൊരു പെൺകുട്ടി പറയുന്നത്. ഇതൊക്കെ സർക്കാരിന് അറിയാമെങ്കിലും മനഃപൂർവ്വം പോലീസും കണ്ണടയ്ക്കുകയാണ്.
Post Your Comments