ലാഹോർ: പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് മുൻ പാക് മന്ത്രി ഷിറീൻ മസാരി. താലിബാന്‍ അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇമ്രാന്‍ ഖാനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ തുടങ്ങിയെന്നും, അൻസാരിയെ കൊലപ്പെടുത്താൻ മാസങ്ങളായി അമേരിക്ക പദ്ധതിയിടുന്നുണ്ടായിരുന്നുവെന്നും മസാരി ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാൻ ഖാന്റെ അടുത്ത അനുയായി കൂടിയായ മസാരിയുടെ ആരോപണം.
സവാഹിരിയെ കൊലപ്പെടുത്താൻ തങ്ങളെ സഹായിക്കാൻ പിന്തുണയുള്ള ഒരു ഗവൺമെന്റ് വേണമെന്നതിനാലാണ് മുൻ പ്രധാനമന്ത്രിയെ തൽസ്ഥാനത്ത് നിന്നും നീക്കാൻ യു.എസ് എഞ്ചിനീയറിംഗ് പതിനെട്ടടവും പയറ്റിയതും, അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തെറിപ്പിച്ചതെന്നും മസാരി ട്വിറ്ററിൽ കുറിച്ചു. കാബൂളിലെ അൽ ഖ്വയ്ദ തലവനെ ലക്ഷ്യം വെച്ചുകൊണ്ട് പാഞ്ഞ ഹെൽഫയർ മിസൈൽ പാകിസ്ഥാൻ വ്യോമാതിർത്തി വഴി ആണോ പറന്നതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
‘അതിശയകരമായ ചോദ്യം: ഗൾഫ് മേഖലയുടെ ദിശയിൽ നിന്ന് ഒരു യു.എസ് ഡ്രോൺ അഫ്ഗാനിസ്ഥാനിലേക്ക് പറന്നു – പാക് ഇതുവരെ സഹായം നൽകിയിട്ടില്ലെന്ന് കരുതുക (സർക്കാർ രഹസ്യമായി ചെയ്തിട്ടുണ്ടാകാം) – എന്നാൽ, ആ ഡ്രോൺ ഏത് രാജ്യത്തിന്റെ വ്യോമാതിർത്തിയിലൂടെ പറന്നു? ഇറാൻ യുഎ.സിന് ഒരു വ്യോമാതിർത്തിയും നൽകുന്നില്ല, അതിനാൽ അവർ ഉപയോഗിക്കാൻ സാധ്യത പാക് വ്യോമാതിർത്തി ആണ്’- മസാരി ട്വീറ്റ് ചെയ്തു.
അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വരുന്നതിന് 2 മാസങ്ങൾക്ക് മുൻപ് തന്നെ ഇമ്രാൻ ഖാനെ താഴെ ഇറക്കാനുള്ള പദ്ധതികൾ അമേരിക്ക ആരംഭിച്ചതായി മുൻ മന്ത്രി ചൂണ്ടിക്കാട്ടുന്നു. 2021 ജൂണിൽ തന്നെ ഇമ്രാൻ ഖാൻ സർക്കാരിനെ നിലം പരിശാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്ന് മസാരി പറഞ്ഞു. ഇമ്രാനെതിരെ നടന്ന വൻ ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു ഇത്. താലിബാനി നേതാക്കളുമായുള്ള അടുത്ത ബന്ധത്തിന് പേരുകേട്ട ഖാനെ ‘താലിബാൻ ഖാൻ’ എന്ന് വിളിക്കുന്നത് ഈ സാഹചര്യവുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ടതാണ്.
Also Read:റിഫയുടെ മരണം: ഭർത്താവ് മെഹ്നാസിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു
ഇമ്രാൻ ഖാൻ സർക്കാരിനെതിരായ പ്രതിഷേധത്തെ നിയമവിരുദ്ധമാക്കാനും പുതിയ ഭരണത്തെ തുരങ്കം വയ്ക്കുന്നതുമാണെന്ന നിലവിലെ സർക്കാർ വൃത്തങ്ങളുടെ ആരോപണം താൻ മുൻപ് സൂചിപ്പിച്ച ‘വിദേശ ഗൂഢാലോചന’ സിദ്ധാന്തങ്ങൾക്ക് ആക്കം കൂട്ടിയെന്നും അദ്ദേഹം പറയുന്നു. ഇമ്രാൻ ഖാൻ തന്നെ തനിക്കെതിരെ ഗൂഢാലോചന നടന്നതായി സംശയം പ്രകടിപ്പിച്ചിരുന്നു. യു.എസ് ബ്യൂറോ ഓഫ് സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യൻ അഫയേഴ്‌സിന്റെ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു മാർച്ചിൽ വാഷിംഗ്ടണിലെ പാകിസ്ഥാൻ അംബാസഡറെ കണ്ട് അവിശ്വാസ വോട്ടെടുപ്പിൽ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞതായി ഖാൻ പരസ്യമായി അവകാശപ്പെട്ടിരുന്നു.
അതേസമയം, ഇമ്രാൻ ഉന്നയിച്ച ആരോപണങ്ങൾ അമേരിക്ക ശക്തമായി നിഷേധിച്ചു. പാകിസ്ഥാനിൽ നടക്കുന്ന കലഹത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് യു.എസ് പരസ്യ പ്രസ്താവനയിറക്കി. സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യുവാക്കളുടെ സൈന്യം ഇമ്രാൻ സർക്കാരിനെതിരെ തെരുവിലിറങ്ങിയതിന് തങ്ങളെന്ത് പിഴച്ചുവെന്ന് അമേരിക്ക ചോദിച്ചു.
ആഴ്ചകൾക്കുശേഷം, ഏപ്രിൽ 10-ന് നടന്ന അവിശ്വാസ വോട്ടെടുപ്പിൽ ഖാൻ പരാജയപ്പെട്ടു. അതിന്റെ ഫലമായി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കി. അവിശ്വാസ വോട്ടെടുപ്പിനെ തുടർന്ന് ഒരു ദിവസത്തിന് ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷെഹ്ബാസ് ഷെരീഫിനെ പ്രതിപക്ഷ പാർട്ടികൾ നോമിനേറ്റ് ചെയ്തു.
എന്നിരുന്നാലും, അധികാരത്തിൽ തിരിച്ചെത്താനുള്ള തന്റെ ശ്രമത്തിൽ, അമേരിക്കൻ വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് ഇമ്രാൻ ഇപ്പോഴും. തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടെന്നും ഷരീഫിന്റെ നേതൃത്വത്തിലുള്ള നിലവിലെ സർക്കാർ അമേരിക്കയുടെ അടിമകളാണെന്നും ഇമ്രാൻ വാദിച്ചു.
Post Your Comments