കണ്ണൂർ: കനത്ത മഴയിൽ തൃശ്ശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. മലവെള്ള പാച്ചിലിൽ കണ്ണൂരിലെ മലയോര മേഖലകളിൽ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്.
ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും. നിരവധി പേരുടെ വീടും കൃഷിയും നശിച്ച സാഹചര്യത്തിൽ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്
നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതിനാൽ കണ്ണൂരിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയിൽ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കണിച്ചാർ, കേളകം, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലുണ്ടായ കണിച്ചാർ പൂളക്കുറ്റിയിൽ ജോസെന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു.
Post Your Comments