കോഴിക്കോട്: ലൈംഗിക പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്. പ്രായവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് ആണ് ജാമ്യം അനുവദിച്ചത്. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിയ്ക്ക് മുൻകൂർജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് കോടതി ജാമ്യം നൽകിയത്.
പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവ എഴുത്തുകാരി കോടതിയെ സമീപിച്ചിരുന്നു. വടകര ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് സിവിക് ചന്ദ്രൻ വാദിച്ചു. ഊന്നുവടിയില്ലാതെ നടക്കാൻ പോലുമാകാത്ത ആളാണ് താൻ. പരാതിക്കാരി അംഗമായ സംഘം ആഭ്യന്തര സെല്ലിനെ കൊണ്ട് അന്വേഷിപ്പിച്ചതാണ് ഈ വിഷയമെന്നാണ് സിവിക് ചന്ദ്രന്റെ വാദം.
വാദത്തിനിടെ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തിരുന്നു. കൂടുതൽ പരാതികൾ സിവികിനെതിരെ വരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സിവിക് ചന്ദ്രൻ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പ്രോസിക്യൂഷനും പരാതിക്കാരിയും ഹാജരാക്കി. വാട്സാപ്പ് സന്ദേശങ്ങൾ തന്നെ പ്രതിയുടെ സ്വഭാവം വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പുറത്ത് ദളിതർക്ക് വേണ്ടി പ്രവർത്തിക്കുന്നയാളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Post Your Comments