ന്യൂഡൽഹി: പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ ശിവസേന എം പി സഞ്ജയ് റൗത്ത് അറസ്റ്റിൽ. ആറുമണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കസ്റ്റഡിയിലെടുത്ത ശേഷം അർദ്ധരാത്രി ഇഡി അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സഞ്ജയ് റൗത്തിന്റെ വസതിയിൽ നിന്നും നിർണ്ണായക രേഖകൾ കണ്ടെടുത്തതായി ഇഡി അറിയിച്ചു. ടീം താക്കറെയെ ദുർബലപ്പെടുത്താനായാണ് കേന്ദ്രം തന്നെ ലക്ഷ്യമിടുന്നതെന്ന് 60 കാരനായ സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു.
എന്നാൽ, ശക്തമായ തെളിവുകൾ ലഭിച്ച ശേഷമാണ് ഇഡി ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി പോയത്. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സഞ്ജയ് റൗത്തിന്റെ വസതിയിൽ നിന്ന് 11.50 ലക്ഷം രൂപ ഇഡി കണ്ടെടുത്തിരുന്നു. ഭൂമി തട്ടിപ്പ് കേസിൽ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും റൗത്ത് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റൗത്തിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയത്.
ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷമാണ് ശിവസേന എംപിയെ കസ്റ്റഡിയിലെടുത്തത്. ഇഡി റൗത്തിനെ അറസ്റ്റ് ചെയ്തേക്കാം എന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ നേരത്തേ പറഞ്ഞിരുന്നു. പാർട്ടിയെ ഇല്ലാതാക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് ഇതെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ആരോപിച്ചു.
ശിവസേനയുടെ രാജ്യസഭാ എംപിയായ റൗത്ത്, ഉദ്ദവ് താക്കറെ ക്യാമ്പിലെ പ്രമുഖനും പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമാണ്. മഹാവികാസ് അഘാടി സഖ്യത്തിന് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നു. ബിജെപിക്കൊപ്പം തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം മുഖ്യമന്ത്രിപദം ലഭിക്കാതിരുന്നതോടെ എതിർ പാർട്ടികളായ കോൺഗ്രസിനും എൻസിപിക്കും ഒപ്പം ഭരണം നടത്തിയതിന് കരുക്കൾ നീക്കിയതും റൗത്ത് ആയിരുന്നു. നിരവധി അഴിമതിക്കേസുകളിൽ പ്രതിസ്ഥാനത്തുള്ള എൻസിപിക്കൊപ്പം ഭരണം ആരംഭിച്ചതോടെ ഉദ്ധവ് സർക്കാർ അഴിമതിയിൽ മുങ്ങുകയും ചെയ്തിരുന്നു. സഖ്യത്തിലെ പല മന്ത്രിമാരും ഇപ്പോൾ ജയിലിലാണ്.
Post Your Comments