തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐഎസ് ബന്ധമുളള ഭീകരനെ തേടി എൻഐഎ നടത്തിയ പരിശോധന തമിഴ്‌നാട്ടിൽ പിടിയിലായ കോളജ് വിദ്യാർത്ഥിയിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ചെന്ന് സൂചന. ശനിയാഴ്ച പിടിയിലായ തമിഴ്‌നാട്ടിലെ സ്വകാര്യ എൻജിനീയറിംഗ് വിദ്യാർത്ഥിയായ മീർ അനസ് അലിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് എൻഐഎ സംഘം പരിശോധന നടത്തിയത്. തമിഴ്‌നാട് സ്വദേശി സാദിഖ് ബാഷയുടെ ഭാര്യ വീട്ടിലായിരുന്നു പരിശോധന.
ഹാർഡ് ഡിസ്‌കും സിമ്മുകളും പിടിച്ചെടുത്തിട്ടുണ്ട്. സാദിഖ് ബാഷ തമിഴ് നാട് ജയിലിലാണ്. തമിഴ്‌നാട്ടിൽ മുസ്ലീം ഇതര സമുദായങ്ങൾക്കിടയിൽ ഭീതി പരത്താൻ വേണ്ടി ഒരു വിഐപിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന സൂചനകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തമിഴ്‌നാട്ടിലെ ആംബൂർ ജില്ലയിലെ മസൂദി സ്ട്രീറ്റിലെ താമസക്കാരനാണ് മീർ അനസ് അലി. ഐഎസ് സംഘങ്ങളുമായി ഇയാൾ നിരന്തരം ബന്ധപ്പെടുന്നതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നൽകിയ മുന്നറിയിപ്പുകളെ തുടർന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ടെലിഗ്രാമും മറ്റ് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചാണ് ഇയാൾ ഐഎസ് സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നത്. റാണിപ്പേട്ട് ജില്ലയിലെ സ്വകാര്യ കോളജിലെ മൂന്നാം വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ് മീർ അനസ് അലി. ഇയാളെ പിന്നീട് വെല്ലൂരിലെ ആനൈക്കട്ട് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചാണ് തുടർ നടപടികൾ പൂർത്തിയാക്കിയത്.
രാജ്യത്ത് യുദ്ധം നടത്താൻ പദ്ധതിയിട്ടതിന് ഐപിസി 121, രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനുളള തയ്യാറെടുപ്പോടെ ആയുധ സംഭരണം നടത്തിയതിന് സെക്ഷൻ 122, സെക്ഷൻ 125, യുഎപിഎ ഉൾപ്പെടെ രജിസ്റ്റർ ചെയ്താണ് എഫ്‌ഐആർ തയ്യാറാക്കിയിരിക്കുന്നത്. ഇയാളെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി വെല്ലൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
Leave a Comment