KeralaLatest NewsNews

കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയോടൊപ്പം വിനോദവും

 

എറണാകുളം: പച്ചവിരിച്ച ഉദ്യാനം, തണൽ മരങ്ങൾ, അലങ്കാരച്ചെടികൾ, ഇവയ്‌ക്കെല്ലാം ഇടയിൽ ഊഞ്ഞാലും, കറങ്ങുന്ന കസേരകളും, സ്ലൈഡറും. കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രധാന കവാടം കടന്ന് ചെല്ലുമ്പോൾ ആരുമൊന്ന് സംശയിക്കും, ഇത് പാർക്കാണോ? ആശുപത്രിയാണോ എന്ന്.

 

ദേശീയ നിലവാരം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ അടിസ്‌ഥാന സൗകര്യങ്ങളാണ് കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ തയ്യാറാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് ആശുപത്രി അങ്കണത്തിൽ മനോഹരമായ ഉദ്യാനവും കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയത്. സ്വാകാര്യ ഗ്രൂപ്പായ പവിഴമാണ് തുക സ്പോൺസർ ചെയ്തത്. ആശുപത്രിയോട് ചേർന്ന് പാർക്കിംഗ് സംവിധാനം സ്വകാര്യ കമ്പനിയായ അക്വാ ടെക്കാണ് നിർമ്മിച്ച് നൽകിയത്.

 

എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇതിന്റെ ഉദ്ഘാടനം. അതേ സമയത്ത് തന്നെ ആശുപത്രി സൗന്ദര്യവത്ക്കരിക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

 

ആശുപത്രിയിലെത്തുന്നവർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കിയും അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയും ആരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമം തുടരുകയാണ് പഞ്ചായത്തും, ആശുപത്രി അധികൃതരും.

 

 

shortlink

Post Your Comments


Back to top button