ധർമ്മടം: കേരളത്തിൻ്റെ ടൂറിസം മേഖലയ്ക്ക് മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതി മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ചിൽ മുഴപ്പിലങ്ങാട്- ധർമ്മടം ബീച്ച് സമഗ്ര വികസന പദ്ധതിയുടെ ഒന്നാം ഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി 50 കോടി രൂപ നീക്കിവച്ചതായും അദ്ദേഹം അറിയിച്ചു. ആയിരം കോടി രൂപയുടെ വായ്പയാണ് ടൂറിസം വികസനത്തിനായി എടുക്കുന്നത്. സംരംഭകർക്ക് പലിശയിളവ് നൽകാൻ 20 കോടി രൂപ മാറ്റിവച്ചു. ഈ വർഷം 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി 25 ടൂറിസം ഹബ്ബുകൾ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം -പൊതുമരാമത്ത്- യുവജനകാര്യ വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി സന്ദേശം നൽകി. മലബാർ ടൂറിസത്തിന്റെ വികസനം കേരള ടൂറിസത്തിന് മുതൽ ൽക്കൂട്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി സജിത, എൻ.കെ രവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി ബിജു, കോങ്കി രവീന്ദ്രൻ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി നൂഹ്, കെ.ഐ.ഐ.ഡി.സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ് തിലകൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Post Your Comments